പ്രതീകാത്മക ചിത്രം | photo: canva
ആഗോള തലത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് വീഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സ്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത വിപണികളില്‍ പരസ്യത്തോടുകൂടിയുള്ള സബ്ക്സ്ക്രിപ്ഷന്‍ പ്ലാന്‍ നെറ്റ്ഫ്ളിക്സ് അവതരിപ്പിച്ചത്. ഇതിന് പുറമെ ഉപഭോക്താക്കള്‍ നെറ്റ്ഫ്ളിക്സിന്റെ പാസ് വേഡ് പങ്കുവെക്കുന്ന പ്രവണത അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
ഘട്ടംഘട്ടമായി പാസ് വേഡ് പങ്കുവെക്കല്‍ അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ളിക്സിന്റെ മുന്‍ മേധാവി റീഡ് ഹേസ്റ്റിങ്സ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. താമസിയാതെ തന്നെ പാസ് വേഡ് പങ്കുവെക്കലിന് അവസാനമിടുമെന്നാണ് പുതിയ സിഇഒ മാരായ ഗ്രെഗ് പീറ്റേഴ്സും ടെഡ് സാറന്റോസും പറയുന്നത്.
ഇതോടുകൂടി നെറ്റ്ഫ്ളിക്സിലെ സിനിമകളും സീരീസുകളും കാണാന്‍ ചിലര്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ അവരുടെ പാസ് വേഡ് ഉപയോഗിച്ച് സ്വന്തം ഫോണിലും മറ്റും ലോഗിന്‍ ചെയ്യുന്ന രീതി അവസാനിക്കും. പകരം ഓരോരുത്തരം നെറ്റ്ഫ്ളിക്സ് ഉള്ളടക്കം ആസ്വദിക്കാന്‍ പണം നല്‍കേണ്ടിവരും. പണം നല്‍കാതെ നെറ്റ്ഫ്ളിക്സ് ആസ്വദിക്കുന്ന ഭൂരിഭാഗം ഉപഭോക്താക്കളും താമസിയാതെ തന്നെ ഉള്ളടക്കങ്ങള്‍ കാണുന്നതിന് പണം നല്കിത്തുടങ്ങേണ്ടിവരുമെന്ന് ഗ്രെഗ് പീറ്റേഴ്സ് പറഞ്ഞു.
സ്വാഭാവികമായും പാസ് വേഡ് പങ്കുവെക്കല്‍ അവസാനിപ്പിക്കുന്നതില്‍ നിരാശരാവുന്ന ഉപഭോക്താക്കളുണ്ടാവാമെന്നും എന്നാല്‍ ഈ നീക്കത്തിലൂടെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ 1.5 കോടി മുതല്‍ രണ്ട് കോടി വരെ ഉപഭോക്താക്കളെ ഉയര്‍ത്താനാവുമെന്നും പീറ്റേഴ്സ് പറഞ്ഞു. ഇപ്പോള്‍ നെറ്റ്ഫ്ളിക്സിന് പണം നല്‍കാതെ ഉള്ളടക്കം ആസ്വദിക്കുന്നവര്‍ ക്രമേണ നെറ്റ്ഫ്ളിക്സിന് പണം നല്കി ഉപയോഗിക്കുന്നവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പാസ് വേഡ് പങ്കുവെക്കുന്നത് നിര്‍ത്തലാക്കിക്കൊണ്ടുള്ള പരീക്ഷണം നെറ്റ്ഫ്ളിക്സ് നടത്തിവരുന്നുണ്ട്. ഇങ്ങനെ മറ്റുള്ളവരുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുന്നവരില്‍ നിന്ന് മൂന്ന് ഡോളര്‍ (250 രൂപയോളം) ഈടാക്കും.
ഇന്ത്യയില്‍ എത്രയാണ് ഇതിനുവേണ്ടി ഈടാക്കുക എന്ന് നെറ്റ്ഫ്ളിക്സ് സൂചനയൊന്നും തന്നിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ ഈടാക്കുന്നതിന് തുല്യമായ തുകതന്നെ ആയിരിക്കാം ഇവിടെയും എന്നാണ് കരുതുന്നത്. ഈ വര്‍ഷം തന്നെ ഇന്ത്യയിലും പാസ് വേഡ് പങ്കുവെക്കല്‍ നെറ്റ്ഫ്ളിക്സ് അവസാനിപ്പിച്ചേക്കും.
നിലവില്‍ 149 രൂപ, 199 രൂപ, 499 രൂപ, 649 രൂപ എന്നീ സബ്സ്ക്രിപ്ഷന് പ്ലാനുകളാണ് നെറ്റ്ഫ്ളിക്സിനുള്ളത്. ഈ പ്ലാനുകളില്‍ ചിലത് ഒന്നിലധികം ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നവയാണ്. ഇക്കാരണം കൊണ്ടുതന്നെ, ഒന്നിലധികം ഡിവൈസുകളില്‍ ഒരേ അക്കൗണ്ടിലുള്ള ലോഗിനുകള്‍ അപ്പാടെ വിലക്കുകയല്ല. മറിച്ച് അത്തരം ലോഗിനുകള്ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരികയാണ് നെറ്റ്ഫ്ളിക്സ് ചെയ്യുക. ഉപഭോക്താവിന്റെ ലൊക്കേഷന്‍, അക്കൗണ്ടിലെ മെംബര്‍മാരുടെ എണ്ണം ഉള്‍പ്പടെയുള്ള വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക.
Content Highlights: Netflix to end password sharing confirms new CEOs
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..