വീഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് പുതിയ സ്ലീപ്പിങ് ടൈം ഫീച്ചര്‍ പരീക്ഷിക്കുന്നു. ആഗോളതലത്തില്‍ ആന്‍ഡ്രോയിഡ് ആപ്പുകളിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. വരിക്കാര്‍ക്ക് വീഡിയോ കാണുന്നതിന് ഒരു നിശ്ചിത സമയം നിശ്ചയിക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. 

ഈ സമയപരിധി കഴിഞ്ഞാല്‍ നെറ്റ്ഫ്‌ളിക്‌സ് ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 15 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ് എന്നിങ്ങനെ സമയം നിശ്ചയിക്കാം. ഇത് ബാറ്ററി ലൈഫിന് ഗുണം ചെയ്യും. കൂടാതെ വീഡിയോ പരമ്പരകള്‍ കാണുമ്പോള്‍ എപ്പിസോഡുകള്‍ തുടര്‍ച്ചയായി ഓട്ടോ പ്ലേ ആവാതിരിക്കാന്‍ ഈ സംവിധാനം സഹായിക്കും. 

നിലവില്‍ തിരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ലഭ്യമായ മറ്റ് ഉപകരണങ്ങളിലേക്കും ഈ സംവിധാനം അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചുവരികയാണ്. 

നിലവില്‍ മുതിര്‍ന്നവരുടെ പ്രൊഫൈലില്‍ മാത്രമാണ് ഈ സൗകര്യം. എന്നാല്‍ കുട്ടികളുടെ പ്രൈഫൈലില്‍ വീഡിയോ കാണുന്ന സമയം നിയന്ത്രിക്കാന്‍ ഇത് ഏറെ ഉപകാരപ്രദമാവുമെന്നും പറയപ്പെടുന്നുണ്ട്. അത് ഭാവയില്‍ ലഭ്യമാക്കിയേക്കും. അതേസമയം, സ്ലീപ്പ് ടൈം ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി എന്ന് ലഭ്യമാക്കുമെന്ന് വ്യക്തമല്ല.

Content Highlights: netflix testing sleep time feature on android