ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളില്‍ സ്ട്രീമിങ് സേവനമായ നെറ്റ് ഫ്‌ളിക്‌സ് ഇന്ത്യക്കാര്‍ക്കായി സൗജന്യ സേവനം നല്‍കുകയാണ്. വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളൊന്നും നല്‍കേണ്ടതില്ല. 

സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന പ്രൊമോഷണല്‍ ഓഫറാണിത്. വിജയകരമെന്ന് തോന്നിയാല്‍ മറ്റ് രാജ്യങ്ങളിലും സ്ട്രീംഫെസ്റ്റ് നടത്തിയേക്കും.

  • നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാര്‍ അല്ലാത്തവര്‍ക്ക് മാത്രമായാണ് സ്ട്രീം ഫെസ്റ്റ് നടത്തുന്നത്. അതായത് പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കായാണ് ഈ ഓഫര്‍ ലഭിക്കുക. 
  • ഇതിനായി നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ Netflix.com/StreamFest വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. 
  • ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പേരും ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും പാസ്വേഡും നല്‍കി നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് തുറക്കുക.
  • അക്കൗണ്ട് വിജയകരമായ നിര്‍മിക്കാന്‍ സാധിച്ചാല്‍ ഡിസംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ നെറ്റ്ഫ്‌ളിക്‌സിലെ എല്ലാ ഉള്ളടക്കവും ആസ്വദിക്കാനാവും. 

നെറ്റ്ഫ്‌ളിക്‌സിന്റെ എല്ലാ സൗകര്യങ്ങളും ഇതില്‍ ആസ്വദിക്കാന്‍ സാധിക്കും. കൂടാതെ സ്മാര്‍ട് ടിവി, ഗെയിമിങ് കണ്‍സോള്‍, ആന്‍ഡ്രോയിഡ് ആപ്പുകള്‍, പിസി എന്നിവയിലെല്ലാം നെറ്റ്ഫ്‌ളിക്‌സ് കാണാം. എന്നാല്‍ സ്റ്റാന്റാര്‍ഡ് ഡെഫനിഷനില്‍ മാത്രമേ വീഡിയോ കാണാന്‍ സാധിക്കൂ. എച്ച്ഡി വീഡിയോകള്‍ കാണണമെങ്കില്‍ വരിക്കാര്‍ ആവേണ്ടി വരും. 

ഇന്ത്യയില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് നെറ്റ്ഫ്‌ളിക്‌സ് സ്ട്രീംഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ സേവനങ്ങളും ഉള്ളടക്കങ്ങളും പുതിയ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ. 

ഇന്ത്യക്കാര്‍ക്കായി 199 രൂപയുടെ പ്ലാന്‍ നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ചിട്ടുണ്ട്. 

Content Highlights: netflix streamfest two day free service for indian audience