ഇന്ത്യയില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി വീഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ്. 50 ശതമാനം വരെ വിലക്കിഴിവില്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വരെ അവതരിപ്പിക്കാനാണ് ഈ അമേരിക്കന്‍ സ്ട്രീമിങ് കമ്പനി ഉദ്ദേശിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ധിച്ചുവരുന്ന ഇന്ത്യയില്‍ അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി 50 ശതമാനം വരെ വിലക്കിഴിവില്‍ മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെയുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ലഭ്യമാക്കാനാണ് നെറ്റ് ഫ്‌ളിക്‌സ് ഉദ്ദേശിക്കുന്നത്. 

നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീമിങ് സേവനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വിപണിയെ കാണുന്നത്. 42 കോടി ഡോളറാണ് (296.6 കോടി) ഇന്ത്യന്‍ ഉള്ളടക്കത്തിനായി നെറ്റ്ഫ്‌ളിക്‌സ് ചിലവഴിച്ചിട്ടുള്ളത്. 'സാക്രഡ് ഗെയിംസ്' എന്ന ഇന്ത്യന്‍ സീരീസ് ഇതിനോടകം വന്‍ വിജയമായിട്ടുണ്ട്. 

കൂടുതല്‍ ഇന്ത്യന്‍ വീഡിയോ ഉള്ളടക്കങ്ങള്‍ക്കായുള്ള ശ്രമത്തിലാണ് നെറ്റ്ഫ്‌ളിക്‌സ്. വിവിധ ഇന്ത്യന്‍ ഭാഷകളിലായുള്ള സിനിമകളും വിദേശ സിനിമകളും സീരീസുകളും നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്. ആഗോള തലത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് 16 കോടിയോളം വരിക്കാരുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ എത്രപേരുണ്ടെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

Content Highlights: Netflix plans to launch cheaper yearly subscription plans in India