Photo: AFP
പത്ത് ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ്. പാസ് വേഡ് ഷെയര്‍ ചെയ്തതിനോ ഉള്ളടക്കങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനോ ആണ് ഈ നടപടിയെങ്കില്‍ തെറ്റി. ഒരേ കാരണം കൊണ്ടാണ് ഇത്രയും പേരെ പ്ലാറ്റ്ഫോമില്‍ നിന്ന് വിലക്കിയത്. റഷ്യക്കാര്‍ ആയതുകൊണ്ട്. അതെ പത്ത് ലക്ഷത്തിലേറെ ഉപഭോക്താക്കളെ കയ്യൊഴിഞ്ഞുകൊണ്ട് റഷ്യയില്‍ സേവനം നിര്‍ത്തലാക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.
യുക്രൈനിന് നേരെ റഷ്യ നടത്തുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ഇതോടെ റഷ്യന്‍ പൗരന്മാര്ക്ക് ഇനി മുതല്‍ അവരുടെ ഫോണിലും, ടിവിയിലും കംപ്യൂട്ടറിലുമൊന്നും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാന്‍ കഴിയാതെ വരും. ഇതോടെ റഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ പട്ടികയില്‍ നെറ്റ്ഫ്ളിക്സും ഇടം പിടിച്ചു. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നെറ്റ്ഫ്ളിക്സ്.
മാര്‍ച്ചില്‍ തന്നെ റഷ്യയില്‍ നിന്നുള്ള ഭാവി പദ്ധതികളും ഏറ്റെടുക്കലുകളും നിര്‍ത്തിവെച്ചതായി നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ തന്നെ കമ്പനി റഷ്യയില്‍ നിന്ന് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കാനുള്ള ഈപ്രഖ്യാപനം ഇപ്പോഴാണ് നടപ്പിലാക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
റഷ്യയിലെ ഏറെ ജനസ്വീകാര്യതയുള്ള പ്ലാറ്റ്ഫോം ആയിരുന്നു നെറ്റ്ഫ്ളിക്സ്. പല പാശ്ചാത്യ വെബ്സൈറ്റുകള്‍ക്കും റഷ്യന്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും രാജ്യത്തേക്ക് പ്രവേശനാനുമതി ലഭിച്ച ചുരുക്കം ചില വെബ്സൈറ്റുകളിലൊന്നായിരുന്നു നെറ്റ്ഫ്ളിക്സ്. എന്തായാലും നെറ്റ്ഫ്ളിക്സിന്റെ ഈ തീരുമാനം റഷ്യയില്‍ ചിലര്‍ക്കെങ്കിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ടാവണം.
പെട്ടെന്ന് സേവനം അവസാനിപ്പിച്ചതിന് ആറ് കോടി റഷ്യന്‍ റൂബിള്‍സ് ( ഏകദേശം 7.5 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് റഷ്യന്‍ ഉപഭോക്താക്കള്‍ കേസ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിച്ച് പലരും നെറ്റ്ഫ്ളിക്സ് തുടര്‍ന്നും ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ സ്ട്രേഞ്ചര്‍ തിങ്സ് എന്ന പരമ്പര റിലീസ് ആയതോടെ നെറ്റ്ഫ്ളിക്സിന് റഷ്യയില്‍ ആവശ്യക്കാര്‍ കൂടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..