ഒരു വര്‍ഷത്തിലേറെയായി നെറ്റ്ഫ്‌ളിക്‌സ് വീഡിയോകളൊന്നും കണ്ടിട്ടില്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് നെറ്റ്ഫ്‌ളിക്‌സ്. പ്രവര്‍ത്തനരഹിതമായ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഉണ്ടെന്ന് നെറ്റ്ഫ്‌ളിക്‌സ് പറയുന്നു. ഇതില്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവരും ഉണ്ട്. 

ഒരു തവണ സബ്‌സ്‌ക്രിപ്ഷന്‍ എടുത്താല്‍ അത് ഉപയോക്താവ് പിന്‍വലിക്കുന്നത് വരെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഈടാക്കിക്കൊണ്ടിരിക്കും. സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ട് അക്കാര്യം മറന്നുപോവുകയോ മറ്റെന്തെങ്കിലും കാരണം കൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുന്ന ഉപയോക്താക്കളുണ്ട്. ഇങ്ങനെ സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗപ്പെടുത്താത്ത അക്കൗണ്ടുകളാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്യുക. 

നെറ്റ്ഫ്‌ളിക്‌സില്‍ സൈന്‍ അപ്പ് ചെയ്തതിന് ശേഷം ഒരുവര്‍ഷത്തിലേറെയായി വീഡിയോകളൊന്നും കണ്ടിട്ടില്ലാത്ത അക്കൗണ്ടുകളും സംബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് നല്‍കിക്കൊണ്ടിരിക്കുന്ന രണ്ട് വര്‍ഷത്തിലേറെയായി വീഡിയോകളൊന്നും കാണാത്ത അക്കൗണ്ടുകളും ആണ് നീക്കം ചെയ്യുക. അതാത് ഉപയോക്താക്കളെ ഇമെയില്‍ വഴി ഈ വിവരം അറിയിക്കും. അക്കൗണ്ട് തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുന്ന ഈ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍ക്കാത്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യും. 

എന്നാല്‍ നീക്കം ചെയ്യപ്പെടുന്ന അക്കൗണ്ട്  വിവരങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് സൂക്ഷിച്ചുവെക്കും. വീണ്ടും അക്കൗണ്ട് സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പ്രിഫറന്‍സുകള്‍ തിരികെ ലഭിക്കും. 

ഈ വര്‍ഷം ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസം കൊണ്ട് 16 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ ഇരട്ടിയാണിത്.

Content Highlights'; Netflix cancel accounts that have watched nothing in more than a year,