ലോകത്തെ മുന്‍നിര സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സും ടിക്ടോക്കിന് സമാനമായ ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. ഇതിനായി പുതിയ ഫാസ്റ്റ് ലാഫ്‌സ് (fast laughs) ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 

ബുധനാഴ്ച പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പ്രൊഡക്റ്റ് ഇനൊവേഷന്‍ ഡയറക്ടര്‍ പാട്രിക് ഫ്‌ലെമിങ് പുതിയ സേവനം പ്രഖ്യാപിച്ചത്. നിലവില്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക.

നെറ്റ്ഫ്‌ളിക്‌സിലെ വിവിധ ഉള്ളടക്കങ്ങളില്‍ നിന്നുള്ള ചെറുഭാഗങ്ങളാവും ഫാസ്റ്റ് ലാഫ്‌സില്‍ ഉണ്ടാവുക. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ബൃഹത്തായ ഉള്ളടക്ക ശേഖരങ്ങളിലേക്ക് ഉപയോക്താക്കളെ എത്തിക്കാനുള്ള വഴിയായി ഈ സേവനത്തെ വിലയിരുത്താം. സിനിമകളിലേയും, പരമ്പരകളിലേയും, സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടികളിലേയും രസകരമായ രംഗങ്ങളുടെ ചെറു ക്ലിപ്പിങുകള്‍ ഫാസ്റ്റ് ലാഫ്‌സില്‍ കാണാം. 

അതേസമയം ഫാസ്റ്റ് ലാഫ്‌സിലെ ഉള്ളടക്കങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും അനുയോജ്യമാവണമെന്നില്ല. പാരന്റല്‍ കണ്‍ട്രോള്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഫാസ്റ്റാ ലാഫ്‌സിലെ ഉള്ളടക്കങ്ങള്‍ ഫില്‍റ്റര്‍ ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് ഫ്‌ളെമിങ് വിശദീകരിച്ചില്ല. 

ഫാസ്റ്റാ ലാഫ്‌സിലെ വീഡിയോ ക്ലിപ്പുകള്‍ വാട്‌സാപ്പിലും, ഇന്‍സ്റ്റാഗ്രാമിലും, സ്‌നാപ്ചാറ്റിലും പങ്കുവെക്കാനും സാധിക്കും. എന്തായാലും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഈ ഫീച്ചറിനായി അല്‍പം കാത്തിരിക്കണം.

Content Highlights: Netflix brings new Fast Laughs