'നാവികി'നെ ശക്തിപ്പെടുത്താന്‍ രണ്ടാം തലമുറ ഉപഗ്രഹങ്ങള്‍; എന്‍വിഎസ് 1 വിക്ഷേപണത്തിന് ഒരുങ്ങുമ്പോള്‍


By ഷിനോയ് മുകുന്ദന്‍

2 min read
Read later
Print
Share

GSLV 12/ NVS 1 : Photo: ISRO

നാവിക് സ്ഥാനനിര്‍ണയ സംവിധാനത്തിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO). മെയ് 29 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ജിഎസ്എല്‍വി എഫ്12/എന്‍വിഎസ്-1 ഉപഗ്രഹ വിക്ഷേപണം. ജിഎസ്എല്‍വി റോക്കറ്റിലാണ് 2232 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹം ജിയോ സിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലെത്തിക്കുക.

ഗതി നിര്‍ണയ, സ്ഥാനനിര്‍ണയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ തുടക്കമിട്ട ദൗത്യമാണ് നാവിക് എന്നറിയപ്പെടുന്ന ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്). മെച്ചപ്പെട്ട സൗകര്യങ്ങളുമായി തയ്യാറാക്കിയ നാവികിന്റെ രണ്ടാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ വിക്ഷേപണത്തിനൊരുങ്ങിയിരക്കുന്ന എന്‍വിഎസ് 1. പുതിയ എന്‍വിഎസ് പരമ്പരയില്‍ അഞ്ച് ഉപഗ്രഹങ്ങളാണുള്ളത്. ഇതില്‍ ആദ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണ തിയ്യതി മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. തദ്ദേശീയമായി വികസിപ്പിച്ച ആറ്റോമിക് ക്ലോക്ക് ആണ് എന്‍വിഎസ് ഉപഗ്രഹങ്ങളില്‍ ഉപയോഗിക്കുക.

NVS 1 | Photo: ISRO

എന്താണ് നാവിക് ?

ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്. മുമ്പ് ജിപിഎസ് ഉള്‍പ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിര്‍ണയ സ്ഥാനനിര്‍ണയ ഉപഗ്രഹ സേവനങ്ങളെയാണ് ആശ്രയിച്ചുവന്നിരുന്നത്. 1999-ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് കാര്‍ഗില്‍ പ്രദേശത്തിന്റെ ജിപിഎസ് വിവരങ്ങള്‍ നല്‍കാനുള്ള ഇന്ത്യയുടെ ആവശ്യം യുഎസ് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് ഉപഗ്രഹ സ്ഥാനനിര്‍ണയ സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങളിലേക്ക് ഇന്ത്യ തിരിഞ്ഞത്. 2006-ല്‍ പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

സമ്പൂര്‍ണമായി ഇന്ത്യന്‍ നിര്‍മിതവും ഇന്ത്യയുടെ നിയന്ത്രണത്തിലുമാണ് നാവികിന്റെ പ്രവര്‍ത്തനം. ഒമ്പത് ഉപഗ്രഹ വിക്ഷേപണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ഏഴ് ഉപഗ്രഹങ്ങളാണ് നിലവില്‍ നാവികിനുള്ളത്. ഒപ്പം രാജ്യത്തെ വിവിധ മേഖലകളില്‍ ഗ്രൗണ്ട് സ്‌റ്റേഷനുകളും പ്രവര്‍ത്തിക്കുന്നു.

  • IRNSS-1A - 2013 ജൂലായില്‍ വിക്ഷേപിച്ചു- ഭാഗിക പരാജയം
  • IRNSS-1B - 2014 ഏപ്രില്‍
  • IRNSS-1C -2014 ഒക്ടോബര്‍
  • IRNSS-1D - 2015 മാര്‍ച്ച്
  • IRNSS-1E - 2016 ജനുവരി
  • IRNSS-1F -2016 മാര്‍ച്ച്
  • IRNSS-1G -2016 ഏപ്രില്‍
  • IRNSS-1H - 2017 ഓഗസ്റ്റ് - ദൗത്യം പരാജയം
  • IRNSS-1I - 2018 ഏപ്രില്‍
നാവിക് പരിധി | Photo: ISRO

സൈനിക ആവശ്യങ്ങള്‍, സമുദ്ര ഗതാഗതം, വ്യോമഗതാഗതം, വ്യക്തിഗത യാത്രകള്‍, ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍, നിരീക്ഷണം, സര്‍വേ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി നാവിക് പ്രയോജനപ്പെടുത്താനാവും. ഇന്ത്യന്‍ അതിര്‍ത്തിയ്ക്കപ്പുറം 1,500 കിലോ മീറ്റര്‍ ദൂരം വരെയുള്ള പ്രദേശം നാവിക് ഉപഗ്രഹങ്ങളുടെ വീക്ഷണ പരിധിയില്‍പെടുന്നു. ശക്തമായ എല്‍5 ബാന്‍ഡിലാണ് നാവിക് സംവിധാനത്തിന്റെ പ്രവര്‍ത്തനം. എന്നാല്‍ പുതിയ എന്‍വിഎസ്-1 എല്‍1 ബാന്‍ഡ്, എല്‍ 5, എസ് ബാന്‍ഡുകള്‍ പിന്തുണയ്ക്കുന്നവയാണ്. ഇത് നാവികിന്റെ സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ സഹായിക്കും. യുഎസിന്റെ ജിപിഎസ് ഉള്‍പ്പടെയുള്ള വിവിധ നാവിഗേഷന്‍ സംവിധാനങ്ങള്‍ എല്‍ 1 ബാന്‍ഡ് പിന്തുണയ്ക്കുന്നവയാണ്. മറ്റ് സിഗ്നലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇതിന് ശേഷിയുണ്ട്.

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് സ്റ്റാന്റേഡ് 140 അനുസരിച്ച് 2019 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ വാണിജ്യ വാഹനങ്ങളിലും നാവിക് അധിഷ്ഠിത വെഹിക്കിള്‍ ട്രാക്കിങ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്മാര്‍ട്‌ഫോണുകള്‍ വഴി സാധാരണ ജനങ്ങള്‍ക്ക് ഗതിനിര്‍ണയ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ക്വാല്‍കോമുമായുണ്ടാക്കിയ കരാറിന് പിന്നാലെ 2020-ല്‍ നാവിക് പിന്തുണയുള്ള നാല് സ്‌നാപ്ഡ്രാഗണ്‍ 4ജി ചിപ്പുകള്‍ പുറത്തിറക്കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള മാപ്പ് മൈ ഇന്ത്യ മൊബൈല്‍ ആപ്പ് ഐഎസ്ആര്‍ഒ ലഭ്യമാക്കിയിട്ടുണ്ട്. നാവിക് പിന്തുണയുള്ള ഉപകരണങ്ങളിലേ ഇത് പ്രവര്‍ത്തിക്കൂ.

നിലവില്‍ ഇന്ത്യയിലടക്കം വലിയ ജനപ്രീതിയുള്ള ഗൂഗിള്‍ മാപ്പിലടക്കം ഉപയോഗിക്കുന്നത് യുഎസിന്റെ ജിപിഎസ് ആണ്. സമാനമായ സംവിധാനങ്ങള്‍ നാവികിന്റെ സഹായത്തോടെയും നല്‍കാന്‍ സാധിക്കും. ജിപിഎസില്‍ ഉപയോഗിച്ചിട്ടുള്ള എല്‍1 പിന്തുണയ്ക്കുന്ന എന്‍വിഎസ് ഉപഗ്രഹങ്ങള്‍ ഈ സേവനം മെച്ചപ്പെടുത്താന്‍ നാവികിനെ സഹായിക്കും.

Content Highlights: navic gslv 17 nvs 1 satellite launch isro

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
whatsapp message editing

1 min

വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം ! പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

May 23, 2023


AI

1 min

AI മനുഷ്യനെ വംശനാശത്തിലേക്ക് നയിച്ചേക്കാം; പ്രതിരോധത്തിന് മുന്‍ഗണന വേണമെന്ന് വിദഗ്ദര്‍

May 30, 2023


iRobot's Roomba J7

2 min

ടോയ്‌ലറ്റില്‍ യുവതിയുടെ ചിത്രമെടുത്ത് വാക്വം ക്ലീനര്‍; ചിത്രങ്ങള്‍ ഓൺലൈനിൽ ചോർന്നു

Jan 19, 2023

Most Commented