പാലക്കാട്: പ്രകൃതിദുരന്തമുണ്ടായാൽ അധികൃതരെ അറിയിക്കാനുള്ള മൊബൈൽ സംസ്ഥാന ഐ.ടി. മിഷൻ വിപുലീകരിക്കുന്നു. ദുരന്തങ്ങൾ അറിയിക്കാനുള്ള ഡിസാസ്റ്റർ റിപ്പോർട്ടർ, സഹായം അഭ്യർഥിക്കുന്നവരുടെ കൃത്യമായ സ്ഥാന നിർണയം നടത്താനുള്ള ഡിസാസ്റ്റർ ലൊക്കേറ്റർ എന്നീ മൊബൈൽ ആപ്പുകളിൽ കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് വിപുലീകരിക്കുന്നത്.

ദുരന്തവിവരങ്ങൾ അറിയിക്കുന്പോൾ കളക്ടറേറ്റ്, ജില്ലാ പോലീസ് കാര്യാലയം, അഗ്നിരക്ഷാനിലയം എന്നിവിടങ്ങളിലേക്ക് സന്ദേശമെത്തുന്ന രീതിയിലാണ് ആപ്പ് ക്രമീകരിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ഡിസാസ്റ്റർ റിപ്പോർട്ടർ, ഡിസാസ്റ്റർ ലൊക്കേറ്റർ ആപ്പുകൾ ഐ.ടി. മിഷൻ തയ്യാറാക്കിയിരുന്നെങ്കിലും വലിയതോതിൽ ആർക്കും പ്രയോജനപ്പെട്ടിരുന്നില്ല. ഇതേത്തുടർന്നാണ് കൂടുതൽ സവിശേഷതകളോടെ ആപ്പുകൾ സജ്ജീകരിക്കുന്നത്.

പ്രളയാനന്തര പുനർനിർമാണത്തോടനുബന്ധിച്ച് െഎ.ടി. മിഷനുകീഴിൽ കേരള സ്റ്റേറ്റ് സ്പെഷ്യൽ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ (കെ.എസ്.എസ്.ഡി.െഎ.), കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.എസ്.), കേരള ലാൻഡ്‌ യൂസ് ബോർഡ് (കെ.എസ്.യു.എൽ.ബി.) എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ സംസ്ഥാനത്തെ ഭൂവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ റോഡ് ശൃംഖലകളുടെ വിവരങ്ങൾ ജി.െഎ.എസ്. (ജി.െഎ.എസ്.) മാപ്പിങ് വഴിയും ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം ഉപയോഗപ്പെടുത്തിയാണ് ആപ്പുകൾ വികസിപ്പിക്കുക.

ആൻഡ്രോയ്ഡ് മൊബൈൽ ഫോണിലൂടെ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഇവ ഡൗൺ ലൗഡ് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Content Highlights: natural calamities notification apps