വികസിച്ചുകൊണ്ടിരിക്കുന്നൊരു സാങ്കേതിക വിദ്യയാണ് ഓഗ്മെന്റഡ് റിയാലിറ്റി. ഈ സാങ്കേതിക വിദ്യ ഇനിയും അതിന്റെ പൂര്‍ണതയില്‍ എത്തിയിട്ടില്ലെങ്കിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബഹിരാകാശത്തും ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ പരീക്ഷിക്കുകയാണ് സാങ്കേതികരംഗം. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമായി എആര്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാണ് നാസയുടെ ശ്രമം. ഇതുവഴി ബഹിരാകാശഗവേഷകര്‍ക്ക് ഗ്രൗണ്ട് കണ്‍ട്രോളുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്നത് ഒഴിവാക്കാമെന്നും തങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കാനാവുമെന്നും നാസ പറയുന്നു.

ഈ രീതിയിലുള്ള സാങ്കേതിക വിദ്യകളുടെ പ്രയോജനം ഏറെയാണ്. പ്രത്യേകിച്ചും ബഹിരാകാശ യാത്രകളില്‍ അറ്റകുറ്റപ്പണികളും പരിപാലനവും ഒഴിച്ചുകൂടാനാവത്തതാണ്. പരിമിതമായ വിഭവങ്ങളുടെ പിന്തുണയിലാണ് ബഹിരാകാശ നിലയത്തില്‍ യാത്രികര്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ നിലയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാതെ നോക്കേണ്ടതുണ്ട്.  നിരന്തര അറ്റകുറ്റപ്പണികള്‍ അനിവാര്യമാണ്. 

Nasaനാസയുടെ ടി2 ഓഗ്മെന്റഡ് റിയാലിറ്റി പ്രൊജക്ടിന്റെഭാഗമായി ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ക്കെല്ലാം എആര്‍ ഗ്ലാസുകള്‍ നല്‍കും. ഈ ഗ്ലാസിലൂടെയാണ് ഇവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. ചെയ്യേണ്ട ജോലികളുടെ ക്രമവും, ബ്ലൂ പ്രിന്റുകളും ഈ ഗ്ലാസുകളിലൂടെ ബഹിരാകാശ ഗവേഷകര്‍ക്ക് കാണാം. 
 
ഇതുവഴി ഗ്രൗണ്ട് കണ്‍ട്രോളുമായി ആശയവിനിമയം നടത്താതെ ഈ പരിപാലന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമാവും. 

ഇന്ന് നമ്മള്‍ സാധാരണമായി ഉപയോഗിക്കുന്ന പല സാങ്കേതിക വിദ്യകളും ആദ്യമായി പ്രയോഗിക്കപ്പെടുന്ന ഇടമാണ് ബഹിരാകാശനിലയം. ഓഗ്മെന്റഡ് റിയാലിറ്റി വെര്‍ച്വല്‍ റിയാലിറ്റി സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളിലാണ് നാസ.