ഫ്ളോറിഡ: സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ചു. വിക്ഷേപണത്തിന്റെ അവസാന നിമിഷമാണ് വിക്ഷേപണം മാറ്റിവെച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിന് വേണ്ടിയാണ് സ്‌പേസ് എക്‌സിന്റെ ദൗത്യം നിശ്ചയിച്ചിരുന്നത്. ഇനി ശനിയാഴ്ച വിക്ഷേപണം നടത്താനാണ് തീരുമാനം.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അമേരിക്കയില്‍ നിന്നും മനുഷ്യനെ വഹിച്ചുള്ള റോക്കറ്റ് വിക്ഷേപണമാണിത്. സ്വകാര്യ കമ്പനിയായ സ്‌പേയ്‌സ് എക്‌സിന്റെ പങ്കാളിത്തത്തില്‍ വലിയ ആഘോഷത്തോടെ പ്രചാരം നല്‍കിയാണ് വിക്ഷേപണം പദ്ധതിയിട്ടിരുന്നത്. നാല് മണിക്കൂര്‍ നീണ്ട തയ്യാറെടുപ്പുകളാണ് ഉണ്ടായിരുന്നത്. 

Space X Nasaബഹിരാകാശ നിലയത്തിലേക്കുള്ള അംഗങ്ങള്‍ പേടകത്തിനുള്ളില്‍ ഇരിക്കുകയും റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുകയും ചെയ്തിരുന്നു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ വിക്ഷേപണത്തിന് 20 മിനിറ്റിന് മുമ്പ് ദൗത്യം മാറ്റിവെക്കുകയായിരുന്നു. മിന്നല്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് വിക്ഷേപണം മാറ്റിവെക്കാന്‍ കാരണമെന്ന് സ്‌പേസ് എക്‌സ് കമ്പനിയുടെ വിക്ഷേപണ കാര്യങ്ങളുടെ ഡയറക്ടറായ മൈക് ടെയ്‌ലര്‍ പറയുന്നു.

അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് നിര്‍മിച്ച ഡ്രാഗണ്‍ ക്രൂ കാപ്സ്യൂളിന്റെ മനുഷ്യനെ വഹിച്ചുള്ള പരീക്ഷണ വിക്ഷേപണമാണിത്.  ബോബ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി എന്നീ നാസ ഗവേഷരാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. ഇവരെ ബഹിരാകാശ നിലയത്തില്‍ എത്തിച്ച് തിരികെ സുരക്ഷിതമായി കൊണ്ടുവരികയാണ് ക്രൂ ഡെമോ 2 എന്ന് പേരിട്ടിരിക്കുന്ന വിക്ഷേപണത്തിന്റെ ലക്ഷ്യം.

Nasa Space Xസ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി റഷ്യന്‍ ബഹിരാകാശ പേടകത്തിലായിരുന്നു അമേരിക്കന്‍ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന വിക്ഷേപണം എന്നതിലുപരി ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യം ഈ വിക്ഷേപണത്തിനുണ്ട്. സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കന്റെയും ഹര്‍ലിയുടേയും പേരിലാവും. 

ഇതുവരെ ഉപയോഗിച്ചിരുന്ന ബഹിരാകാശ പേടകങ്ങളില്‍ നിന്നു വ്യത്യസ്തമായി രൂപകല്‍പനയില്‍ ഏറെ പുതുമകളുള്ള പേടകമാണ് ഡ്രാഗണ്‍ ക്രൂ കാപ്സ്യൂള്‍. ഗവേഷകര്‍ ധരിക്കുന്ന സ്‌പേസ് സ്യൂട്ടിന്റെ രൂപകല്‍പനയിലും കാര്യമായ മാറ്റങ്ങളുണ്ട്. ഇവ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അറിയാന്‍ ഈ വീഡിയോ കാണാം.  

NASA space X launche dragon crew capsule