വാഷിങ്ടൺ: ഭൂമിയിലെ സമുദ്രനിരപ്പ് നിരീക്ഷിക്കുന്നതിനായി നാസ പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നു. ശനിയാഴ്ച സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹ വിക്ഷേപണം. സെന്റിനൽ-6 എന്ന് പേരിട്ടിരിക്കുന്ന ഈ ഉപഗ്രഹം മൂന്ന് ദശാബ്ദങ്ങളിലായി നാസയ്ക്ക് വേണ്ടി സമുദ്രനിരപ്പ് നിരീക്ഷിക്കും.

പദ്ധതിയുടെ ഭാഗമായി 2025 ൽ സെന്റിനൽ-6ബി എന്ന മറ്റൊരു ഉപഗ്രഹവും നാസ വിക്ഷേപിക്കും.

സമുദ്രനിരപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനോടൊപ്പം കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്ന വിവരങ്ങളും ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ ശേഖരിക്കും.

ഉപഗ്രഹങ്ങൾ, കടലിലും വായുവിലും സ്ഥാപിച്ച ഉപകരണങ്ങൾ, സൂപ്പർ കംപ്യൂട്ടറുകൾ എന്നിവയുടെയെല്ലാം സഹായത്തോടെ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നാസ സമുദ്രനിരപ്പിന്റെ വ്യതിയാനങ്ങൾ പഠിക്കുന്നുണ്ട്. യൂറോപ്പുമായി ചേർന്നാണ് സെന്റിനൽ-6 ഉപഗ്രഹം വിക്ഷേപിക്കുന്നത്.

വർഷം 0.13 ഇഞ്ച് വർധനവ് സമുദ്രനിരപ്പിനുണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ. 1992 ൽ സമുദ്രനിരപ്പ് പഠിക്കുന്നതിനായി ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചതിന് ശേഷം 30 ശതമാനം വർധനവ് സമുദ്രനിരപ്പിനുണ്ടായിട്ടുണ്ട്.

Content Highlights: NASA, Sentinal-6 Launch, Sea Level Measurement