ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ ആദ്യ ബഹിരാകാശ വിനോദസഞ്ചാര പദ്ധതി 2022 ഫെബ്രുവരി 28 ന് ആരംഭിക്കും. 

ടെക്‌സാസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആക്‌സിയം സ്‌പേസ് ആണ് പദ്ധതിയുടെ സംഘാടകര്‍. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റും ക്രൂ ഡ്രാഗണ്‍ പേടകവുമാണ് ഇതിനായി ഉപയോഗിക്കുക. 

ആക്‌സ്-വണ്‍ (Ax-1)  ടൂറിസം മിഷന്‍ അഥവാ പ്രൈവറ്റ് ആസ്‌ട്രോണട്ട് മിഷന്‍ എന്നാണ് ഈ പദ്ധതിയെ നാസ വിളിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ കനേഡിയന്‍ വ്യവസായി മാര്‍ക്ക് പാത്തി, അമേരിക്കന്‍ സംരംഭകന്‍ ലാരി കോണര്‍, മുന്‍ ഇസ്രായേലി വ്യോമസേന പൈലറ്റ് എയ്റ്റന്‍ സ്റ്റിബ്ബ് എന്നിവരും പദ്ധതിയുടെ കമാന്‍ഡറും നാസയുടെ ബഹിരാകാശസഞ്ചാരിയുമായ മൈക്കല്‍ ലോപെസ് അലെഗ്രിയയുമാണ് പങ്കെടുക്കുക.

വിനോദസഞ്ചാരികള്‍ മൂന്ന് പേരും 5.5 കോടിയോളം ഡോളര്‍ ചെലവിട്ടാണ് ബഹിരാകാശ നിലയം സന്ദര്‍ശിക്കാന്‍ പോവുന്നത്. 

NASA
മാര്‍ക്ക് പാത്തി,  ലാരി കോണര്‍, പൈലറ്റ് എയ്റ്റന്‍ സ്റ്റിബ്ബ് , മൈക്കല്‍ ലോപെസ് അലെഗ്രിയ എന്നിവര്‍ | Photo: Twitter@KathyLueders

അതേസമയം നാസയുടെ രണ്ടാമത് സ്വകാര്യ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയ്ക്ക് വേണ്ടിയും ആക്‌സിയം സ്‌പേസിനെ തന്നെ നാസ തിരഞ്ഞെടുത്തു. ഈ പദ്ധതി 2022 ലോ, 2023 ലോ ആയിരിക്കും യാഥാര്‍ഥ്യമാവുക. 

ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ നാസയും റഷ്യയുടെ റോസ്‌കോസ്‌മോസും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകളെ വാണിജ്യവത്കരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം റോക്കറ്റ് സഞ്ചാരം കാശ് വെറുതെകളയുന്നതിനാണെന്നും മലിനീകരണത്തിനിടയാക്കുന്നുവെന്നും ശതകോടീശ്വന്മാര്‍ അവരുടെ പണം ചെലവാക്കുന്നതിനായി തീവ്രമായ വഴികള്‍ തേടുകയണെന്നും വിമര്‍ശനമുണ്ട്. 

റോസ്‌കോസ്‌മോസിന്റെ സോയൂസ് പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് വിനോദസഞ്ചാരം നടത്തിയ രണ്ട് ജാപ്പനീസ് സഞ്ചാരികള്‍ 12 ദിവസം അവിടെ ചെലവഴിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. ഒക്ടോബറില്‍ ബഹിരാകാശ നിലയത്തില്‍ സിനിമാ ചിത്രീകരണത്തിനായും രണ്ട് പേരെ റഷ്യ അയച്ചിരുന്നു. 

എന്നാല്‍ ഈ പദ്ധതികളൊന്നും ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സ്വകാര്യ യാത്രയല്ല. അമേരിക്കക്കാരനായ ഡെന്നിസ് ടിറ്റോയാണ് 2001 ല്‍ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയെന്ന നേട്ടത്തിന് അര്‍ഹനായത്. 2 കോടി ഡോളറാണ് ഇതിന് വേണ്ടി ചെലവാക്കിയത്. സോയൂസ് പേടകത്തിലായിരുന്നു ടിറ്റോയുടെ യാത്ര. ഏറ്റവും ഒടുവില്‍ 2009 ലാണ് ബഹിരാകാശ വിനോദസഞ്ചാരം നടന്നത്. ഹംഗേറിയന്‍-അമേരിക്കന്‍ സോഫ്റ്റ് വെയര്‍ വിദഗ്ദനായ ചാള്‍സ് സിമോനിയാണ് ഈ നേട്ടത്തിന് അര്‍ഹനായത്. ഇദ്ദേഹം പക്ഷെ 2007 ലും 2009 ലും രണ്ട് തവണ ബഹിരാകാശ നിലയം സന്ദര്‍ശിച്ചു. ഒന്നിലധികം തവണ ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന സ്വകാര്യ വ്യക്തിയെന്ന നേട്ടം ഇദ്ദേഹത്തിന്റെ പേരിലാണ്. അതിന് ശേഷം നടക്കുന്ന ആദ്യ വിനോദ സഞ്ചാരമാണ് ജാപ്പനീസ് സഞ്ചാരികളുടേത്. 

Content Highlights: NASA reveals launch date for its first space tourism mission to ISS