വാഷിങ്ടണ്‍: ഛിന്നഗ്രഹത്തില്‍ ബഹിരാകാശ പേടകം ഇടിച്ചിറക്കുക എന്ന ലക്ഷ്യത്തോടെ നാസയുടെ 'ഡാര്‍ട്ട്' പദ്ധതി വിക്ഷേപിച്ചു. ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് തടഞ്ഞുനിര്‍ത്താനാകുമോ എന്നറിയാനുള്ള പരീക്ഷണമാണിത്. 

ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനമാണ് ഡബിള്‍ ആസ്ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്). ഇത്തരത്തിലുള്ള ആദ്യപരീക്ഷണമാണിത്. ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുക.

ഒക്ടോബര്‍ 23 രാത്രി ചൊവ്വാഴ്ച 10.21 നാണ് കാലിഫോര്‍ണിയയില്‍ നിന്ന് വിക്ഷേപണം നടന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. 

അടുത്ത നൂറ് വര്‍ഷക്കാലത്തേക്ക് ഭൂമിയെ ലക്ഷ്യമിട്ട് ഏതെങ്കിലും ഛിന്നഗ്രങ്ങള്‍ വരുന്നുണ്ടോ എന്ന് നാസയ്ക്ക് അറിയില്ല. എങ്കിലും ക്രമേണ ഭൂമിയെ ലക്ഷ്യമിട്ട് വന്‍തോതില്‍ ബഹിരാകാശ ശിലകള്‍ എത്തിയേക്കാം എന്നാണ് നാസ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 

ഡാര്‍ട്ട് പദ്ധതി ഇങ്ങനെ

ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ (Moonlet Asteroid) ഡൈമോര്‍ഫസിലാണ് പേടകം ഇടിച്ചിറക്കുക. ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല.  പേടകത്തിന്റെ സഞ്ചാരവും അത് ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കുന്നതുമെല്ലാം ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഭൂമിയില്‍ നിന്ന് നാസ നിരീക്ഷിക്കും. പരീക്ഷണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും  ചെയ്യും. 

525 അടി വ്യാസമാണ് ഡൈമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തിനുള്ളത്. ഇതിനെ തകര്‍ക്കാന്‍ പേടകത്തിന് സാധിക്കില്ല എങ്കിലും ഇതിന്റെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും എന്നാണ് കരുതുന്നത്. എന്നാല്‍ പേടകം ഇടിച്ചിറക്കുമ്പോള്‍ സഞ്ചാര പഥത്തിന് എത്രത്തോളം മാറ്റമുണ്ടാവുമെന്ന് വ്യക്തമല്ല. ഛിന്നഗ്രഹത്തിന്റെ സ്വഭാവം പോലിരിക്കും അത്. 

പേടകം ഇടിച്ചിറങ്ങുന്നതോടെ ഡൈമോര്‍ഫസ് ഡിഡിമോസ് ഛിന്നഗ്രഹത്തിനോട് കൂടുതല്‍ അടുത്തേക്കും. ഇത് ഡൈമോര്‍ഫസിന്റെ ഭ്രമണപഥത്തിന്റെ ദൈര്‍ഘ്യം കുറക്കും. നിലവില്‍ ഡൈമോര്‍ഫസ് ഡിഡിമോസിനെ വലം വെക്കാന്‍ 11 മണിക്കൂര്‍ 55 മിനിറ്റ് നേരമാണ് എടുക്കുന്നത്. എന്നാല്‍ ഡാര്‍ട്ട് ഇടിച്ചിറങ്ങുന്നതിന്റെ ഫലമായി ഭ്രമണപഥം മാറുന്ന ഡൈമോര്‍ഫസ് പത്ത് മിനിറ്റ് കൂടുതല്‍ വേഗത്തില്‍ ഭ്രമണം പൂര്‍ത്തിയാക്കും. അതായത് 11 മണിക്കൂര്‍ 45 മിനിറ്റ്. 

Dart

ഡാര്‍ട്ട് പദ്ധതിയുടെ നേട്ടം 

ഡാര്‍ട്ടിന് ഛിന്നഗ്രഹത്തെ നീക്കാനായാലും ഇല്ലെങ്കിലും അത് ശാസ്ത്രജ്ഞര്‍ക്ക് പാഠമാണ്. വിജയിച്ചാല്‍ കൊലയാളി ഛിന്നഗ്രഹങ്ങളെ തുരത്താനുള്ള സാങ്കേതിക വിദ്യകള്‍ക്ക് അത് ശക്തിപകരും. ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാന്‍ എത്രത്തോളം ശക്തിയുള്ള പേടകങ്ങള്‍ നിര്‍മിക്കേണ്ടി വരുമെന്ന ധാരണയും ഈ പരീക്ഷണത്തിലൂടെ ഗവേഷകര്‍ക്ക് ലഭിക്കും. 

സൗരയൂഥത്തില്‍ ഭൂമിയ്ക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ എല്ലാം നാസ നിരീക്ഷിക്കുന്നില്ല. അതില്‍ ഏകദേശം 40 ശതമാനത്തോളം ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 140 മീറ്റര്‍ വീതിയുള്ള ഛിന്നഗ്രഹങ്ങള്‍ വരെ അതിലുണ്ട്. ഡൈമോര്‍ഫസിന് 160 മീറ്റര്‍ ആണ് വ്യാസം. 

ഡൈമോര്‍ഫസിന്റെ വലിപ്പവും ഡിഡിമോസിനെ ചുറ്റുന്ന വേഗവും കണക്കാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ഈ ഛിന്നഗ്രഹത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ക്കറിയില്ല. ഭൂമിയില്‍ നിന്നും ടെലിസ്‌കോപ്പ് ഉപയോഗിച്ച് ഇതിനെ നേരിട്ട് കാണാന്‍ സാധിക്കില്ല. ചന്ദ്രന്‍ ഭൂമിയ്ക്കും ഡിഡിമോസിനും ഇടയിലൂടെ കടന്നുപോവുമ്പോള്‍ ഉണ്ടാക്കുന്ന പ്രകാശ വ്യതിയാനം സംബന്ധിച്ച വിവരം മാത്രമാണുള്ളത്. 

ഡൈമോര്‍ഫസിനെ കുറിച്ച് കാര്യമായൊന്നുമറിയില്ല

ഡൈമോര്‍ഫസിന്റെ ആകൃതി എന്താണെന്ന് നാസയ്ക്ക് അറിയില്ല. ഡാര്‍ട്ട് പേടകം ഇതിനടുത്തെത്തി ക്യാമറ പ്രവര്‍ത്തിപ്പിച്ചതിന് ശേഷം മാത്രമേ ഡൈമോര്‍ഫസിന്റെ വലിപ്പവും കൂട്ടിയിടിയുമെല്ലാം ഭൂമിയില്‍ കാണാനൊക്കൂ. 

ഡൈമോര്‍ഫസിന്റെ ദൃശ്യം ലഭിച്ചാലുടന്‍ സ്മാര്‍ട്ട് നാവ് (Smart Nav) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗം അതിന്റെ കേന്ദ്രം എവിടെയാണെന്ന് കണക്കാക്കും. ശേഷം പേടകത്തിലെ നാവിഗേഷന്‍ സംവിധാനം എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ഛിന്നഗ്രത്തിന്റെ കേന്ദ്രം ലക്ഷ്യമിട്ട് കുതിക്കും. 

ഡൈമോര്‍ഫസിനോട് അടുത്തുകൊണ്ടിരിക്കുന്ന അവസാന നിമിഷങ്ങളില്‍ ഓരോ സെക്കന്‍ഡിലുമുള്ള ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

കൂട്ടിയിടിക്ക് പത്ത് ദിവസം മുമ്പ് ലിസിയ ക്യൂബ് (LICIACube) എന്നൊരു ഒരു കുഞ്ഞന്‍ ഇറ്റാലിയന്‍ ബഹിരാകാശ പേടകം ഡാര്‍ട്ടില്‍ നിന്ന് വേര്‍പെടും. ഒപ്പം ഒരു ക്യാമറാമാനെ പോലെ കൂട്ടിയിടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയക്കും. 

മണിക്കൂറില്‍ 24140 കിലോമീറ്റര്‍ വേഗതയിലാണ് പേടകം ഡൈമോര്‍ഫസില്‍ ഇടിച്ചിറങ്ങുക. ഇടിയുടെ ആഘാതത്തില്‍ ഡൈമോര്‍ഫസ് അത് വലംവെച്ചുകൊണ്ടിരിക്കുന്ന ഡിഡിമോസിന് സമീപത്തേക്ക് നീങ്ങും.

ഡാര്‍ട്ടിന്റെ ആഘാതം പഠിക്കാന്‍ അന്വേഷിക്കാന്‍ യൂറോപ്പിന്റെ 'ഹെര' 

ഇതിന് പിന്നാലെ തന്നെ യൂറോപ്യന്‍ സ്‌പേസ് എജന്‍സി ഹെര (Hera) എന്ന പേരില്‍ മറ്റൊരു പേടകം 2026 ല്‍ വിക്ഷേപിക്കും. ഡാര്‍ട്ടുമായുണ്ടായ കൂട്ടിയിടിയുടെ അനന്തര ഫലം എന്താണെന്ന് പഠിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡൈമോര്‍ഫസ് ഛിന്നദ്രഹത്തിന്റെ രൂപരേഖ തയ്യാറാക്കും. ഇതിന്റെ പിണ്ഡം എത്രയുണ്ടെന്ന് കണക്കാക്കുകയും ഡാര്‍ട്ട് കൂട്ടിയിടിച്ച ഗര്‍ത്തം വിശകലനം ചെയ്യുകയും ചെയ്യും. 

Content Highlights: NASA launches, Dart Spacecraft,  Asteroid redirection. Dimorphos, Didymos