Photo: twitter/ NASAJPL
നാസയുടെ പെര്‍സിവിയറന്‍സ് റോവറിന്റെ ഭാഗമായുള്ള ഇന്‍ജെന്യുയിറ്റി ഹെലികോപ്റ്റര്‍ ചൊവ്വാ ഗ്രഹത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്. കാഴ്ചയില്‍ അന്യഗ്രഹത്തില്‍ നിന്ന് വന്ന പറക്കും തളികയുടെ അവശിഷ്ടം പോലെയുണ്ട്. പലരും അങ്ങനെ തോന്നുന്നതായി അഭിപ്രായം പറയുകയും ചെയ്തു.
ഇക്കാണുന്നത് ചൊവ്വയെ സംബന്ധിച്ചിടത്തോളം അന്യഗ്രഹ ജീവികളുടേത് തന്നെയാണ്. പക്ഷെ ആ അന്യഗ്രഹജീവികള്‍ ഭൂമിയിലെ മനുഷ്യരാണെന്ന് മാത്രം.
2021 ഫെബ്രുവരിയില്‍ പെര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങുന്ന സമയത്ത് വേര്‍പെട്ട് പോയ പാരച്ച്യൂട്ടിന്റെ കവച ഭാഗമാണിത്.

മറ്റൊരു ഗ്രഹത്തില്‍ നിന്ന് വന്നത് പോലെയുള്ള ഒരു ഒരു സയന്‍സ് ഫിക്ഷന്‍ ഘടകം ഇതിലുണ്ടെന്ന് പെര്‍സെവറന്‍സിന്റെ പാരച്യൂട്ട് സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയറായ ഇയാന്‍ ക്ലാര്‍ക്ക് ഈ ചിത്രങ്ങളെ കുറിച്ച് പറഞ്ഞു.
ഒരു വര്‍ഷക്കാലമായി പെര്‍സിവിയറന്‍സ് ചൊവ്വയില്‍ എത്തിയിട്ട്. ഭാവിയില്‍ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നത് പെര്‍സിവറന്‍സ് റോവറിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. ജീവന്റെ തെളിവുകള്‍ കണ്ടെത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഇക്കാലയളവില്‍ വിവിധ മേഖലകളില്‍ നിന്ന് പാറക്കഷ്ണങ്ങളും മറ്റ് സാമ്പിളുകളും ശേഖരിച്ചുവരികയാണ് പെര്‍സിവിയറന്‍സ്. കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിന് റോവര്‍ ഡെല്‍റ്റ നദീ പ്രദേശത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
റോവറില്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് പറന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ചെറിയ ഹെലിക്കോപ്റ്ററാണ് ഇന്‍ജെന്യൂയിറ്റി. കഴിഞ്ഞയാഴ്ച നടത്തിയ 159 സെക്കന്റ് നേരം നീണ്ട 26-ാമത് പറക്കലില്‍ 10 ചിത്രങ്ങള്‍ ഇത് പകര്‍ത്തിയിട്ടുണ്ട്.

ഈ ചിത്രങ്ങളിലാണ് പാരച്യൂട്ടിന്റെ കവചം തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളും ഉള്ളത്. പെര്‍സിവിയറന്‍സിനേയും ഇന്‍ജെന്യൂയിറ്റിയേയും ലാന്റിങിനിടെ സംരക്ഷിച്ചു നിര്‍ത്തിയ കവചമാണിത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ താഴേക്ക് കുതിക്കുന്നതിന്റെ വേഗം കുറച്ചത് 70 അടി വിസ്തൃതിയുള്ള പാരച്യൂട്ട് ആണ്. അതും ചിത്രത്തിൽ കാണാം.
1.3 മൈല്‍ ഉയരത്തില്‍ നിന്നാണ് പാരച്യൂട്ട് വേര്‍പെട്ടത്. സ്‌കൈ ക്രെയിന്‍ എന്നറിയപ്പെടുന്ന റോക്കറ്റ് സംവിധാനമാണ് തുടര്‍ന്ന് പെര്‍സിവിയറന്‍സിനെ ചൊവ്വയില്‍ ഇറക്കിയത്. 15 അടി വിസ്തൃതിയുള്ള കവചം മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ചൊവ്വയില്‍ വന്നുവീണത്. വീഴ്ചയില്‍ പലഭാഗങ്ങളും ചിതറിപ്പോയെങ്കിലും ഇപ്പോളും നല്ല ആകൃതിയില്‍ തന്നെയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..