Photo: NASA
ചന്ദ്രനിലേക്ക് ഒരു റോക്കറ്റ് ഇടിച്ചിറങ്ങും വിധം കുതിച്ച് നീങ്ങുന്നതായി കഴിഞ്ഞ വര്‍ഷം ജ്യോതി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ച് നാലിന് ഇത് ഇടിച്ചിറങ്ങുകയും ചെയ്തു. നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ഇപ്പോള്‍ ഈ റോക്കറ്റ് ഇടിച്ചിറങ്ങിയുണ്ടായ ഗര്‍ത്തം കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ നാസയെ അമ്പരപ്പിച്ച് അവിടെ രണ്ട് ഗര്‍ത്തം ഉണ്ടായിരുന്നു. കിഴക്കുള്ള ഗര്‍ത്തത്തിന് 18 മീറ്റര്‍ വ്യാസവും, പടിഞ്ഞാറ് ഭാഗത്തുള്ള ഗര്‍ത്തത്തിന് 16 മീറ്റര്‍ വ്യാസവുമുണ്ട്.
റോക്കറ്റിന്റെ രണ്ടറ്റത്തും വലിയ ഭാരമുണ്ടായിരുന്നു എന്നതിനുള്ള തെളിവാണ് ഈ രണ്ട് ഗര്‍ത്തങ്ങളെന്നാണ് അനുമാനം. സാധാരണ റോക്കറ്റുകളുടെ മുകള്‍ ഭാഗത്തായാണ് ഏറ്റവും കൂടുതല്‍ഭാരം കേന്ദ്രീകരിച്ചിട്ടുണ്ടാവുക. ബാക്കിയുള്ള ഭാഗം ഇന്ധനം തീര്‍ന്ന ടാങ്ക് ആണുണ്ടാവുക.
ഈ ഗര്‍ത്തത്തിന് ഇടയാക്കിയ റോക്കറ്റിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇതുവരെ ഒരു റോക്കറ്റും ഈ രീതിയില്‍ രണ്ട് ഗര്‍ത്തങ്ങള്‍ക്ക് ഇടയാക്കിയിട്ടില്ല. അപ്പോളോ ദൗത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സാറ്റേണ്‍ റോക്കറ്റിന്റെ മൂന്നാം ഘട്ടം വീണ് നാല് ഗര്‍ത്തങ്ങളുണ്ടായിട്ടുണ്ട്. ഇതില്‍ മിക്കവയും 35 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളവയായിരുന്നു.
ഈ അജ്ഞാത റോക്കറ്റ് വീണുണ്ടായ ഗര്‍ത്തത്തിന്റെ പരമാവധി വീതി 29 മീറ്ററുണ്ട്. ഇത് സാറ്റേണ്‍ റോക്കറ്റ് പതിച്ചുണ്ടായ ഗര്‍ത്തത്തിന്റെ വലിപ്പത്തിനടുത്തെത്തി.
ഇത് 2014 ലെ ചൈനീസ് റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച ബൂസ്റ്റര്‍ ആണ് ഇതെന്നായിരുന്നു അരിസോണ സര്‍വകലാശാലയിലെ ലൂണാര്‍ പ്ലാനിറ്ററി ലബോറട്ടറിയിലെ സ്‌പേസ് ഡൊമൈന്‍ അവെയര്‍നെസ് ലാബിന്റെ നിഗമനം. എന്നാല്‍ ഇക്കാര്യം നാസ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബാഹ്യഘടന വെച്ച് ചൈനീസ്, സ്‌പേസ് എക്‌സ് റോക്കറ്റുകളുമായും ഇവര്‍ താരതമ്യം ചെയ്തു നോക്കിയിരുന്നു. ചൈനീസ് റോക്കറ്റിനോടായിരുന്നു ഇതിന് കൂടുതല്‍ സാമ്യമെന്ന് സ്‌പേസ് ഡൊമൈന്‍ അവെയര്‍നെസ് ലാബിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വിഷ്ണു റെഡ്ഡി പറയുന്നു.
റോക്കറ്റ് ബൂസ്റ്ററിന്റെ സഞ്ചാര പാതയനുസരിച്ച് അത് 2015 ല്‍ വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അത് ചൈന ചാന്ദ്ര ഗവേഷണ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ചാങ് ഇ 5-ടി1 ന്റെ റോക്കറ്റ് ബൂസ്റ്ററാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍ പിന്നീടെത്തിയത്. അപ്പോഴും ജൂണ്‍ 24 ന് പുറത്തിറക്കിയ പ്രസ്താവനയിലും 'അജ്ഞാതമായ റോക്കറ്റ്' എന്ന് തന്നെയാണ് നാസ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
Content Highlights: NASA found unusual impact on moon from unknown rocket
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..