എലോൺ മസ്ക് | Photo: AFP
ട്വിറ്റര്‍ ആപ്പ് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തെറ്റിധാരണ ആപ്പിള്‍ മേധാവി ടിം കുക്കും താനും ചര്‍ച്ചചെയ്ത് പരിഹരിച്ചതായി ഇലോണ്‍ മസ്ക്. തിങ്കളാഴ്ചയാണ് ആപ്പ് സ്റ്റോറില്‍ നിന്ന് ട്വിറ്റര്‍ ആപ്പ് നീക്കം ചെയ്യുമെന്ന് ആപ്പിള്‍ ഭീഷണി മുഴക്കിയെന്നും കാരണം വ്യക്തമാക്കിയില്ലെന്നുമറിയിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ഇരുകമ്പനികളുടേയും മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
മറ്റ് വിഷയങ്ങള്‍ക്കൊപ്പം, ട്വിറ്റര്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിധാരണ പരിഹരിച്ചുവെന്നും ഒഴിവാക്കുന്ന കാര്യം ആപ്പിള്‍ ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന് ടിം കുക്ക് വ്യക്തമാക്കിയതായും ഇലോണ്‍ മസ്ക് ബുധനാഴ്ച ട്വീറ്റ് ചെയ്തു.
അതേസമയം ട്വിറ്ററില്‍ പരസ്യം ചെയ്യുന്നത് ആപ്പിള്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടും മസ്ക് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമുണ്ടായി എന്ന് മസ്ക് വ്യക്തമാക്കിയില്ല. എങ്കിലും പരസ്യവിതരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയും ഇരുമേധാവികളും തമ്മില്‍ നടന്നിട്ടുണ്ടെന്നാണ് മസ്കിന്റെ ട്വീറ്റ് നല്കുന്ന സൂചന. ആപ്പിളിന്റെ ആസ്ഥാനത്ത് ഇലോണ്‍ മസ്ക് നേരിട്ടെത്തിയായിരുന്നു കൂടിക്കാഴ്ച. ആസ്ഥാനമന്ദിരത്തിലേക്ക് ക്ഷണിച്ചതിന് മസ്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ നയത്തില്‍ മാറ്റം വന്നുവെന്ന കാരണം ഉന്നയിച്ചാണ് പല പരസ്യവിതരണക്കാരും ട്വിറ്ററില്‍ നിന്ന് പിന്മാറിയത്. വ്യാജഅക്കൗണ്ടുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതും ഇതിന് കാരണമായി.
എന്നാല്‍ ട്വിറ്ററിന്റെ നയങ്ങളിലൊന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. പ്ലാറ്റ്ഫോം അതിവേഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പരീക്ഷണമായിരുന്നു ഇത്. നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളെ തന്നെ കൂടുതലായി ആശ്രയിക്കുമെന്നും അഭിപ്രായ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുമെന്നും ട്വിറ്റര്‍ പറഞ്ഞു. ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വിദ്വേഷകരമായ ഉള്ളടക്കത്തില്‍ നിന്നുള്ള പ്ലാറ്റ്ഫോമിന്റെ സംരക്ഷണത്തിനായി സജീവമാണ് എന്നും കമ്പനി വ്യക്തമാക്കി.
Content Highlights: Musk says Twitter feud with Apple boss resolved
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..