മൊബൈൽ ആപ്ലിക്കേഷനിലെ സാങ്കേതിക പിഴവ് ദുരുപയോഗം ചെയ്ത് ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കൂടുതലായി ചേർത്ത് യാത്രക്കാരിൽനിന്നും അമിത ചാർജ് ഈടാക്കി വരികയായിരുന്ന മൂന്ന് ഒല കാബ് ഡ്രൈവർമാരെ മുംബൈ പോലീസ് പിടികൂടി. നവംബർ ഒന്നിനാണ് ഇവർ പിടിയിലായത്. ഒല ആപ്പിന്റെ പഴയ പതിപ്പിലെ ഈ പഴുത് നാല്‍പ്പതോളം ഡ്രൈവർമാർ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റിലായ മൂന്ന് പേരിൽ രാജേഷ് ആചാര്യ എന്നയാളാണ് മുഖ്യ സൂത്രധാരൻ. ഓല ആപ്പിന്റെ പഴയ പതിപ്പിൽ ഒരു അപാകത കണ്ടെത്തിയ ഇയാൾ കാർ യാത്ര ചെയ്യുന്ന ദൂരം കൂടുതലായി ചേർക്കുംവിധം കൃത്രിമം വരുത്തുകയായിരുന്നു. ഇതുവഴി യാത്രക്കാരിൽനിന്നും അമിത ചാർജ് ഈടാക്കാൻ ഇവർക്ക് സാധിച്ചു.
കാറിന്റെ സ്ഥാനം നിർണയിക്കുന്നതിൽ ആപ്പിലുള്ള പിഴവാണ് ഡ്രൈവർമാർ പ്രയോജനപ്പെടുത്തിയത്. ഒരു ടാക്സി കാർ പാലത്തിന് അടിയിലാണെങ്കിലും ജി.പി.എസ്. മാപ്പിൽപാലത്തിന് മുകളിലായാവും കാണിക്കുക. ഇത് മനസിലാക്കിയ ഡ്രൈവർമാർ കാർ ഒരു വലിയ മേൽപാലത്തിനടിയിലൂടെ പോവുമ്പോഴെല്ലാം ആപ്പ് ഓഫ് ആക്കിവെക്കും. പാലം മറികടന്നതിന് ശേഷം ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതോടെ അവർ ആപ്പ് വീണ്ടും ഓൺ ചെയ്യും.
ഇതോടെ ആപ്ലിക്കേഷനിലെ മാപ്പ് കാർ ഇതുവരെ പാലത്തിന് മുകളിലായിരുന്നു എന്ന് തെറ്റിദ്ധരിക്കപ്പെടും. പിന്നീട് കാർ നിലവിൽ നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് പാലത്തിൽ നിന്നുള്ള ദൂരം പിന്നീട് കണക്കാക്കും. ഇങ്ങനെ പുനർനിർണയിക്കുന്ന വഴി ഡ്രൈവർ യഥാർത്ഥത്തിൽ സഞ്ചരിച്ച ദൂരത്തേക്കാൾ കൂടുതലുണ്ടാവും.
ദൈർഘ്യമേറിയ മുംബൈ വിമാനത്താവളം-പൻവേൽ റൂട്ടിലാണ് ഈ ഡ്രൈവർമാർ യാത്ര തിരഞ്ഞെടുത്തിരുന്നത്. ഇതുവഴി നിരവധി പാലങ്ങളും, മേൽപ്പാലങ്ങളും ഉള്ളതാണ് അതിന് കാരണം. ഡ്രൈവർമാർക്ക് അവർ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് റൂട്ട് തിരഞ്ഞെടുക്കാൻ സഹായിച്ചിരുന്ന ആപ്പിലെ ഹോം ഓപ്ഷൻ ഡ്രൈവർമാർ പ്രയോജനപ്പെടുത്തിയാണ് ഈ റൂട്ടിൽ മാത്രം യാത്രക്കാരെ കണ്ടെത്തിയത്. ഈ ഓപ്ഷനിൽ ഡ്രൈവർമാർ അവരുടെ ഹോം ലൊക്കേഷനായി പൻവേൽ നൽകും. ഇതുവഴി പൻവേൽ റൂട്ടിലുള്ള യാത്രകൾ മാത്രം അവർക്ക് ആപ്പിലൂടെ ലഭിച്ചു.
യാത്രക്കാർ പരാതി പറയുമ്പോഴെല്ലാം തങ്ങൾക്ക് പണം നൽകാനും പരാതിയുണ്ടെങ്കിൽ അത് കമ്പനിയോട് പറയാനുമാണ് ഡ്രൈവർമാർ പറഞ്ഞിരുന്നത്.
ഇങ്ങനെ കൃത്രിമം കാണിക്കുമ്പോൾ പൻവേലിലേക്ക് 610 രൂപയാണ് ചാർജ് എങ്കിൽ ആപ്പിൽ കാണിക്കുക 1240 രൂപ എന്നായിരിക്കും. ഡിസംബർ 2019 മുതൽ ഈ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പിടിയിലായ ഡ്രൈവർമാർ പറയുന്നത് എങ്കിലും അതിലേറെ കാലമായി ഇത് തുടരുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ആപ്ലിക്കേനിലെ സാങ്കേതികപ്രശ്നം താൻ കണ്ടെത്തിയതാണെന്ന് പ്രതി പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ പോലീസിന് സംശയമുണ്ട്. ആപ്ലിക്കേഷനിലെ ഓട്ടോ അപ്ഡേറ്റ് ഓഫ് ചെയ്ത് വെച്ചതിനാൽ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്ന അപ്ഡേറ്റുകളൊന്നും ഇവരുടെ ആപ്പിൽ വന്നിരുന്നില്ല.
വിമാനത്താവളത്തിന് പുറത്തുനിന്നുള്ള ടാക്സി ഡ്രൈവർമാരാണ് ഇങ്ങനെ ഒരു തട്ടിപ്പിന്റെ സൂചന പോലീസിന് നൽകുന്നത്. തുടർന്ന് യാത്രക്കാർ എന്ന വ്യാജേന ടാക്സിയിൽ കയറിയ പോലീസുകാർ തട്ടിപ്പുകാരെ പിടികൂടുകയായിരുന്നു.
Content Highlights:mumbai cab drivers manipulated ola app to cheat customers