യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ട് ഇപ്പോള്‍. തട്ടുകടകള്‍ മുതല്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ യുപിഐ പേമെന്റിന് വേണ്ടിയുള്ള ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

എന്നാല്‍ റഷ്യയില്‍ കഥവേറെയാണ്. അവിടെ ജനങ്ങള്‍ക്ക് അവരുടെ മുഖം ഉപയോഗിച്ച് പണമടയ്ക്കാം. ഫേഷ്യല്‍ ഐഡി പേമെന്റ് സിസ്റ്റം രാജ്യ വ്യാപകമാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് റഷ്യ. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മോസ്‌കോയിലെ 240 മെട്രോ സ്‌റ്റേഷനുകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം അവതരിപ്പിച്ചത്. ഇത്തരം ഒരു നീക്കം ലോകത്ത് തന്നെ ആദ്യമാണ്. 

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്‌നങ്ങള്‍ ആഗോള തലത്തില്‍ ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നീക്കം. ചൈനയില്‍ സുരക്ഷാ ക്യാമറകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. 

മോസ്‌കോ നഗരത്തില്‍ 1.27 കോടി ജനങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ വീഡിയോ നിരീക്ഷണ സംവിധാനമുള്ളത് ഇവിടെയാണ്. കോവിഡ് 19 ക്വാറന്റീന്‍ നടപ്പിലാക്കാനും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിച്ചിരുന്നു. 

അതേസമയം രാഷ്ട്രീയ പ്രതിഷേധ സമര പരിപാടികളില്‍ പങ്കെടുക്കുന്നവരെ പിടികൂടാനും റഷ്യ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മെട്രോ സ്‌റ്റേഷനുകളില്‍ അവതരിപ്പിച്ച പുതിയ പണമിടപാട് സംവിധാനത്തിന് 'ഫേസ് പേ' എന്നാണ് പേര്. 

അതേസമയം ഫേസ് പേ നിര്‍ബന്ധിത സേവനമല്ല. താത്പര്യമുള്ളവര്‍ മാത്രം ഈ സേവനം പ്രയോജനപ്പെടുത്തിയാല്‍ മതിയെന്നും പണമിടപാടിനുള്ള മറ്റ് രീതികള്‍ നിലനില്‍ക്കുമെന്നും മോസ്‌കോയിലെ ഗതാഗത വകുപ്പ് മേധാവി മാക്‌സിം ലിക്‌സുതോവ് പറഞ്ഞു. 

സേവനം പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ അവരുടെ മുഖ ചിത്രങ്ങള്‍ മോസ്‌കോ മെട്രോ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്വന്തം ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡുകളും ബാങ്ക് കാര്‍ഡുകളുമായി ബന്ധിപ്പിക്കണം. യാത്രയ്ക്ക് വേണ്ട പണം നല്‍കാന്‍ യാത്രക്കാര്‍  പ്രത്യേകം സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ നോക്കിയാല്‍ മാത്രം മതി. 

യാത്രക്കാരുടെ വിവരങ്ങള്‍ സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് പറയുന്നു. എങ്കിലും സ്വകാര്യത പ്രശ്‌നങ്ങളില്‍ ഈ പുതിയ സംവിധാനത്തിനെതിരെയും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.