നൂറ് കോടിയിലധികം ആന്‍ഡ്രോയിഡ് ഫോണുകള്‍ ഹാക്കിങ് ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. സെക്യൂരിറ്റി അപ്‌ഡേറ്റുകളുടെ സംരക്ഷണമില്ലാത്തതിനാലാണ് ഫോണുകള്‍ ഭീഷണിയിലാവാന്‍ കാരണമെന്ന് സൈബര്‍ സുരക്ഷാ നിരീക്ഷകരായ വിച്ച്? (Which?) പറഞ്ഞു. 

ലോകത്താകമാനമുള്ള ഉപയോക്താക്കളെ ഈ സുരപക്ഷാ വീഴ്ച ബാധിച്ചേക്കാം. വിവരചോര്‍ച്ച, റാന്‍സംവെയര്‍ ആക്രമണം, മാല്‍വെയര്‍ ആക്രമണം എന്നിവ ഈ ഫോണുകള്‍ക്ക് നേരെ ഉണ്ടാവാനിടയുണ്ട്. 

2012-ലോ അതിന് മുമ്പോ പുറത്തിറങ്ങിയ ഫോണുകള്‍ ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ തീര്‍ച്ചയായും പേടിക്കണം. 

42.1 ശതമാനം ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ആന്‍ഡ്രോയിഡ് 6.0 വേര്‍ഷനോ അതിന് മുമ്പോ ഉള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവരാണെന്നാണ് ഗൂഗിളിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ബുള്ളറ്റിന്‍ അനുസരിച്ച് 2019 ല്‍ ആന്‍ഡ്രോയിഡ് 7.0 വേര്‍ഷന് താഴെയുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് വേണ്ട സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടില്ല. 

വിച്ച്? നടത്തിയ അന്വേഷണത്തില്‍ ആന്റി വൈറസ് ലാബ് എവി കംപാരറ്റീവ്‌സിന്റെ സഹായത്തോടെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിച്ചിട്ടില്ലാത്ത ഫോണുകളെല്ലാം ഹാക്ക് ചെയ്യാന്‍ സാധിച്ചു. 

കണ്ടെത്തലുകള്‍ ഗൂഗിളിന് കൈമാറിയിട്ടുണ്ടെന്ന് വിച്ച്? പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കാര്യക്ഷമമായ ആശയവിനിമയം നടത്താന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. 

വിലകൂടിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് സുരക്ഷാ പിന്തുണ നഷ്ടമാവുന്ന ഹ്രസ്വകാലത്തേയ്ക്കുള്ള ആയുസ് മാത്രമേയുള്ളൂ. ആയിരക്കണക്കിന് ഉപയോക്താക്കള്‍ ഹാക്കിങ്ങിന് ഇരയായാലുണ്ടാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്ന് വിച്ച്? കംപ്യൂട്ടിങ് എഡിറ്റര്‍ കേറ്റ് ബേവന്‍ പറഞ്ഞു. 

ഗൂഗിളും ഫോണ്‍ നിര്‍മാതാക്കളും സുരക്ഷാ അപ്‌ഡേറ്റുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അത് എത്രനാള്‍ ലഭിക്കും എന്നതും സുരക്ഷാപിന്തുണ അവസാനിപ്പിക്കുമ്പോള്‍ ഉപയോക്താക്കള്‍ എന്തുചെയ്യണം എന്നതും സംബന്ധിച്ച് വ്യക്തത വരുത്തുകയും വേണം. 

സ്മാര്‍ട് ഉപകരണങ്ങളുടെ സുരക്ഷാ അപ്‌ഡേറ്റുകള്‍ സംബന്ധിച്ച സുതാര്യത ഉറപ്പാക്കുന്നതിന് ഭരണകൂടങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: More than hundred crores Android devices at risk of hacking