ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലെ വിലക്കിഴിവുകൾക്ക് അവസാനമാകുന്നു. രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയിലെ വ്യാപാരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തയ്യാറെടുക്കുന്നു. ഓൺലൈൻ വ്യാപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കരടു നയം സർക്കാർ പുറത്തിറക്കി. ഉത്പന്നങ്ങളുടെ വിലയെ സ്വാധീനിക്കുന്ന രീതിയിലുള്ള ഓൺലൈൻ റീട്ടെയിൽ വിൽപ്പനയ്ക്ക് കടിഞ്ഞാണിടുകയാണ് ലക്ഷ്യം.

ഇ-കൊമേഴ്‌സ് രംഗത്തെ ഭീമൻമാർ നൽകുന്ന വിലക്കിഴിവ് രണ്ടു വർഷം കൊണ്ട് ഘട്ടം ഘട്ടമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഈ രംഗത്തെ വിദേശ നിക്ഷേപം 49 ശതമാനമാക്കുക എന്നതാണ് മറ്റൊരു നിർദേശം. ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങൾ ഇത്തരം സൈറ്റുകൾ വഴി വിൽക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും കരടു നിർദേശത്തിൽ പറയുന്നു.

ആമസോൺ, ആലിബാബ, സോഫ്റ്റ്‌ ബാങ്ക്, വാൾമാർട്ട് തുടങ്ങി ഈ രംഗത്തുള്ള ആഗോള ഭീമൻമാരെ നിയന്ത്രിക്കുന്നതു കൂടി ലക്ഷ്യമിട്ടുള്ളതാവും പുതിയ നിയമം.

ഈ രംഗത്ത് കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനായി സ്വതന്ത്ര റെഗുലേറ്ററി ഏജൻസിയെ നിയമിക്കാനും പദ്ധതിയുണ്ട്. ഓൺലൈൻ വ്യാപാര രംഗത്തെ പരാതികൾക്കായി ഏജൻസിയെ സമീപിക്കാം. രാജ്യത്തെ ഓൺലൈൻ വ്യാപാര രംഗത്തെ കമ്പനികൾ അതോറിറ്റിക്കു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതായി വന്നേക്കും. 2022-ഓടെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളറിന്റേതായി മാറുമെന്നാണ് കണക്കുകൂട്ടൽ.

ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ ഉത്പന്നങ്ങൾ വില കുറച്ച് വിൽക്കുന്നത് പരമ്പരാഗത റീട്ടെയിൽ മേഖലയെ തളർത്തുന്നതായി പരാതിയുണ്ടായിരുന്നു. രാജ്യത്തെ വൻകിട സൂപ്പർമാർക്കറ്റ് ശൃംഖലകൾ ഇ-കൊമേഴ്സ് കമ്പനികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടായിരുന്നു.