പുതിയ ഒരു കൂട്ടം ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒറ്റയടിക്ക് നിരോധിക്കാനുള്ള ആപ്പുകളുടെ സമഗ്രമായ പട്ടികയില്ലാത്തതിനാല്‍ ആപ്പ് സ്റ്റോറുകളില്‍ ആളുകളുടെ ശ്രദ്ധ നേടുകയും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്ന ആപ്പുകളെ തിരഞ്ഞെടുത്ത് നിരീക്ഷിച്ചുവരികയാണ്. കര്‍ശനമായ നിരീക്ഷണം പൂര്‍ത്തായായാല്‍ നടപടി സ്വീകരിക്കും.
അതേസമയം, നിരോധിച്ച പല ആപ്ലിക്കേഷനുകളും വിപിഎന്‍ വഴി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ക്കെതിരെയും നിരന്തര പരിശോധന നടത്തിവരികയാണ്.
കൃത്യമായ ഇടവേളകളില്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച് ഇന്റര്‍-മിനിസ്റ്റീരയില്‍ പാനലുകള്‍ക്ക് മുമ്പില്‍ അവര്‍ക്ക് കേസ് നടത്താന്‍ അവസരം ഒരുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തുവരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 24-നാണ് ഏറ്റവും ഒടുവില്‍ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആലിബാബ വര്‍ക്ക് ബെഞ്ച്, കാംകാര്‍ഡ് ഉള്‍പ്പടെയുള്ള 43 ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.
രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, സാമൂഹ്യക്രമം എന്നിവയെ ബാധിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആപ്ലിക്കേഷനുകളെയും ഉള്ളടക്കങ്ങളെയും ബ്ലോക്ക് ചെയ്യാന്‍ അധികാരം നല്‍കുന്ന ഐടി ആക്റ്റിലെ 69എ അനുച്ഛേദം അടിസ്ഥാനമാക്കിയാണ് ഈ നടപടികള്‍ സ്വീകരിച്ചുവരുന്നത്. മുന്‍കൂര്‍ അറിയിപ്പുകളില്ലാതെ നടപടിയെടുക്കാനാവും എന്നതാണ് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. ഇടക്കാല ആശ്വാസത്തിനായി കമ്പനികള്‍ക്ക് കോടതികളെയും സമീപിക്കാന്‍ സാധിക്കില്ല.
ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം ഉടലെടുത്തതിന് ശേഷം ഇത് നാലാം തവണയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം പ്രഖ്യാപിക്കുന്നത്. ഇതുവരെ 267 ആപ്പുകളാണ് നിരോധിക്കപ്പെട്ടത്. ടിക് ടോക്ക്, വീചാറ്റ്, പബ്ജി പോലുള്ളവ നിരോധനം നേരിട്ട ആപ്പുകളില്‍ ചിലതാണ്.
Content Highlights: more chines apps to be banned soon