കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങളുടെ പ്രധാന ലക്ഷ്യം സാമ്പത്തിക നേട്ടങ്ങള്‍ തന്നെയാണെന്ന് വെറൈസണ്‍ 2020 ഡാറ്റാ ബ്രീച്ച് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് (ഡിബിഐആര്‍). പത്ത് സൈബര്‍ തട്ടിപ്പുകളില്‍ ഒമ്പതെണ്ണവും (86 ശതമാനവും) സാമ്പത്തിക നേട്ടം ലക്ഷ്യംവച്ചുള്ളതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 70 ശതമാനം തട്ടിപ്പുകളും നടത്തുന്നത് വിദേശത്ത് നിന്നുള്ളവരാണ്. 55 ശതമാനം സംഘടിത കുറ്റകൃത്യങ്ങളാണ്. ഭൂരിഭാഗം ലംഘനങ്ങളും (67 ശതമാനത്തിലധികം) ഫിഷിങും ബിസിനസ് ഇ-മെയിലുകളും ഉള്‍പ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുന്നതും സാമൂഹ്യ ആക്രമണവുമാണ്.

വെബ് ആപ്ലിക്കേഷനുകളിലെ കടന്നുകയറ്റം വര്‍ഷാവര്‍ഷം രണ്ടു മടങ്ങ് വര്‍ധിച്ച് 43 ശതമാനമായെന്നും 80 ശതമാനം കേസുകളിലും മോഷ്ടിക്കപ്പെട്ട വിവരങ്ങളാണ് അതിനായി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ബിസിനസുകളും നിര്‍ണായക ജോലികളും ക്ലൗഡിലേക്ക് മാറുമ്പോള്‍ ഈ പ്രവണത ആശങ്കപ്പെടുത്തുന്നതാണ്. 

റാന്‍സംവെയറിലും നേരിയ തോതില്‍ വര്‍ധന കാണുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 24 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ 27 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 18 ശതമാനം സ്ഥാപനങ്ങളില്‍ ഒരു മാല്‍വെയറിനെയെങ്കിലും കണ്ടെത്തിയിട്ടുണ്ട്. 

VERIZONആഗോള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിദൂര ജോലികള്‍ (വര്‍ക്ക് ഫ്രം ഹോം) വര്‍ദ്ധിക്കുമ്പോള്‍, ക്ലൗഡില്‍ നിന്ന് ജീവനക്കാരുടെ ലാപ്ടോപ്പിലേക്കുള്ള എന്‍ഡ്-ടു-എന്‍ഡ് സുരക്ഷ പരമപ്രധാനമാവുന്നുവെന്ന് വെറൈസണ്‍ ബിസിനസ് സിഇഒ ടാമി ഇര്‍വിന്‍ പറഞ്ഞു. തൊഴിലാളികളുടെ സിസ്റ്റം സംരക്ഷിക്കുന്നതിനൊപ്പം അവരെ ഇതു സംബന്ധിച്ച് ബോധവല്‍കരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സൈബര്‍ ആക്രമണങ്ങള്‍ക്ക് പൊതുവായ ഒരു ശൈലി കാണുന്നതിനാല്‍ പ്രതിരോധത്തിന് സഹായമാകുന്നുണ്ട്. സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കെ തന്നെ ആക്രമണത്തിന്റെ സ്രോതസും ലക്ഷ്യവും മനസിലാക്കാം. അപ്പോള്‍ തന്നെ തടയുകയും ചെയ്യാം. ഏതു മേഖലയിലാണ് സുരക്ഷ വേണ്ടതെന്ന് സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാനാകും.

ചെറുകിട-ഇടത്തരം ബിസിനസുകള്‍ ക്ലൗഡും വെബ് അധിഷ്ഠിത ആപ്ലിക്കേഷനുകളും കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ സൈബര്‍ അക്രമികളുടെ പ്രധാന ലക്ഷ്യമായി ഇവ മാറിയിരിക്കുകയാണ്. ചെറുകിട പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നത് ഫിഷിങാണ്. 30 ശതമാനം ലംഘനങ്ങളും ഈ വഴിയിലൂടെയാണ്. മോഷ്ടിക്കപ്പെട്ട വിവരങ്ങളുടെ ഉപയോഗമാണ് രണ്ടാം സ്ഥാനത്ത് (27 ശതമാനം). പാസ്വേര്‍ഡ് ചോര്‍ത്തുന്നവര്‍ 16 ശതമാനം വരും.

ആക്രമികള്‍ ലക്ഷ്യമിടുന്നത് വിവരങ്ങള്‍, വ്യക്തിപരമായ ഡാറ്റ, മെഡിക്കല്‍ റെക്കോര്‍ഡുകള്‍, ആഭ്യന്തര രഹസ്യങ്ങള്‍, പേയ്മെന്റ് വിവരങ്ങള്‍ പോലുള്ളവയാണ്. 20 ശതമാനം ആക്രമണങ്ങളും വെബ് ആപ്ലിക്കേഷനുകള്‍ക്കെതിരെയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Content Highlights: Money still makes the cyber-crime world go round Verizon report