കേരളത്തിലെ തങ്ങളുടെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ വിര്‍ച്വല്‍ കൂട്ടായ്മയൊരുക്കി ഹ്രസ്വ വിഡിയോ ആപ്പായ മോജ്. 'മോജ് ടോക്സ്' എന്ന് പേരില്‍ നടക്കുന്ന ടോക് ഷോ പരമ്പരയുടെ  മൂന്നാം പതിപ്പാണ് കേരളത്തില്‍ നടന്നത്. രാജ്യത്തുടനീളം അരങ്ങേറുന്ന പരിപാടി ദേശീയ പ്രശസ്തി നേടിയ  ക്രിയേറ്റര്‍മാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്.

മോജില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ക്രിയേറ്റര്‍മാരായ മീത് മിരി, നയന, അഖില്‍ വിഎ, ആന്‍ സിന്ധു ജോണി, ആമി അശോകന്‍ എന്നിവരായിരുന്നു കേരളത്തിലെ പാനലിസ്റ്റുകള്‍. പരിപാടിയില്‍ 320ത്തോളം യുവ കണ്ടന്റ് ക്രിയേറ്റര്‍മാരാണ് പങ്കെടുത്തത്. പുതുമുഖങ്ങള്‍ക്ക് ഡിജിറ്റല്‍ കണ്ടന്റ് മേഖലയിലെ നൂതന സാധ്യതകള്‍ പരിചയപ്പെടുത്തി കൊടുക്കുകയും അവരുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പരിപാടിയില്‍ പാനലിസ്റ്റുകളായ ക്രിയേറ്റര്‍മാര്‍ അവരുടെ അനുഭവങ്ങളും അറിവും മറ്റുള്ളവരുമായി പങ്കുവച്ചു. ഏതു തരം ഉള്ളടക്കങ്ങള്‍ക്കാണ് കൂടുതല്‍ സ്വീകര്യതയുള്ളത് എന്നും, വീഡിയോകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂട്ടായ്മ ചര്‍ച്ച ചെയ്തു. ആഗോള തലത്തില്‍ ശ്രദ്ധേയരായ ക്രിയേറ്റര്‍മാരെ കുറിച്ചും അവര്‍ സ്വീകരിച്ച തന്ത്രങ്ങളെ കുറിച്ചും പരിപാടിയില്‍ ചര്‍ച്ച വിഷയമായി.

ടോക് ഷോയ്ക്ക് പുറമെ, ഗ്രൂമിങ് സെഷനുകളും അരങ്ങേറി. ക്രിയേറ്റര്‍മാര്‍ക്ക്  വേദി ഒരുക്കുക എന്നതിനപ്പുറം അവരുടെ കഴിവുകളെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് മോജ് ഇത്തരം പരിപാടികളിലൂടെ ശ്രമിക്കുന്നത്.

യുവ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ഡിജിറ്റല്‍ കരിയര്‍ കെട്ടിപ്പടുക്കുന്നതിന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണെന്നും നാളെയുടെ പ്രതിഭകളെ വാര്‍ത്തെടുക്കാനാണ് മോജ് എപ്പോഴും ശ്രമിക്കുന്നത് എന്നും മോജ് കണ്ടന്റ് സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ശശാങ്ക് ശേഖര്‍ പറഞ്ഞു. കേരളത്തിലെ മോജ് ടോക്സ് പരിപാടിയിലുണ്ടായ പങ്കാളിത്തം ഏറെ പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. മോജ് ടോക്‌സിന്റെ അടുത്ത പതിപ്പ് ബാംഗ്ലൂരിലാണ് നടക്കുന്നത്.