കാസര്‍കോട്: ഭക്ഷ്യവസ്തുക്കള്‍ക്ക്, ഇന്ധനത്തിന്, പാചകവാതകത്തിന് എന്നുവേണ്ട എല്ലാ ആവശ്യവസ്തുക്കള്‍ക്കും വിലവര്‍ധിക്കുകയാണ്. നാമറിയാതെ നമ്മുടെ അവശ്യവസ്തുവായി മാറിയ മൊബൈല്‍ ഇന്റര്‍നെറ്റിനും വിലവര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍.

മൊബൈല്‍ റീച്ചാര്‍ജ് വിലവര്‍ധന സാധാരണ ജനങ്ങളെ ചെറുതൊന്നുമല്ല ബാധിക്കുക.

20 മുതല്‍ 25 ശതമാനം വരെയുള്ള വിലവര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് ഇന്റര്‍നെറ്റ് അധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ കടന്നുവന്നിട്ടുണ്ട്. ഭക്ഷണം, സാമ്പത്തികം, പഠനം, ഉല്ലാസം തുടങ്ങിയ എല്ലാറ്റിനും ഇന്ന് ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാവാത്തതാണ്.

കോവിഡിന്റെ ആരംഭം മുതലാണ് കുട്ടികളുടെ പഠനവും ഓണ്‍ലൈനിലേക്ക് മാറിയത്. കോവിഡിന് ശേഷം സ്‌കൂള്‍-കോളേജുകള്‍ തുറന്നുവെങ്കിലും ഒരേസമയം പകുതി കുട്ടികള്‍ മാത്രമാണ് സ്‌കൂളുകളില്‍ നേരിട്ടെത്തുന്നത്.

ബാക്കിയുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കണം. എന്നാല്‍, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ മൊബൈല്‍ റീച്ചാര്‍ജിങ് വലിയ ഭാരമാകും. ഓണ്‍ലൈനായി നടക്കുന്ന വിവിധ കോഴ്സുകളും ട്യൂഷന്‍ ക്ലാസുകള്‍ക്കും വിലവര്‍ധന ഭീഷണിയാണ്.

ഓണ്‍ലൈന്‍ യോഗങ്ങളും കൂട്ടായ്മകളുമാണ് ഇന്ന് നാടെങ്ങും. സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ ഒത്തുചേരുന്നത് ഇപ്പോള്‍ സൈബര്‍ ഇടങ്ങളിലാണ്. ഇതിനുപുറമേ സിനിമാടിക്കറ്റുകള്‍, സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍, ബില്ലുകള്‍, നികുതി, ബസ്-തീവണ്ടി ടിക്കറ്റുകള്‍ എന്നുവേണ്ട എല്ലാ മേഖലകളിലും ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി. വര്‍ക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലിചെയ്യുന്നവരും ഇന്ന് കുറവല്ല.

4-ജി നെറ്റ്വര്‍ക്കുകള്‍ അതിവേഗ ഇന്റര്‍നെറ്റ്സൗകര്യം നല്കിയതോടെയാണ് നാം ഇന്റര്‍നെറ്റുകളുടെ വരുതിയിലായിത്തീര്‍ന്നത്. എയര്‍ടെല്ലാണ് നിരക്ക് വര്‍ധനയുമായി ആദ്യമെത്തിയത്.

598 രൂപയ്ക്ക് ഒന്നര ജി.ബി. ഇന്റര്‍നെറ്റും കോള്‍ബാലന്‍സും 84 ദിവസത്തേക്ക് നല്കുന്ന ?േഡാറ്റാ പാക്കിന് 26-മുതല്‍ 710 രൂപ നല്കണം. 26-ന് മുന്‍പ് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 20 ശതമാനം കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മനുഷ്യര്‍ക്ക് മാത്രം വിലയില്ല

വിലക്കയറ്റം സകലമേഖലകളിലുമായി. ഏറ്റവും ഒടുവില്‍ മൊബൈല്‍ റീച്ചാര്‍ജിനും വില കൂടുന്നു. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറത്തായി വിലക്കയറ്റം. ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്നവര്‍ക്ക് ഉയര്‍ന്ന റീച്ചാര്‍ജ് തുക താങ്ങാന്‍ പറ്റുന്നില്ല. കോമ്പോ റീച്ചാര്‍ജ് ചെയ്തില്ലെങ്കില്‍ വാലിഡിറ്റി പോലും ലഭിക്കാത്ത രീതിയിലായി ഇപ്പോള്‍. സത്യത്തില്‍ ജനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ വിലയില്ലാത്തത്.

എം.ധനേഷ്, നവോദയ നഗര്‍, ബിരിക്കുളംഓണ്‍ലൈന്‍ പഠനത്തെ ബാധിക്കും

മൊബൈല്‍ ഡേറ്റാ ചാര്‍ജ് സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താങ്ങാനവാത്ത വിധം കൂട്ടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളും മറ്റു അനുബന്ധപ്രവര്‍ത്തനങ്ങളു അവതാളത്തിലാവും. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തില്‍ ദിവസേന ലഭിക്കുന്ന ഒന്നര ജി.ബി. നെറ്റ് തികയാതെ വരും. ഇത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തെ ബാധിക്കുകയും ചെയ്യും.

നിദ ആസ്മി, പ്ലസ് വണ്‍ വിദ്യാര്‍ഥിനി, ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂര്‍


അധ്യാപകരെയും വിദ്യാര്‍ഥികളെയും ബാധിക്കും

അധ്യാപകരെയും വിദ്യാര്‍ഥികളെയും പ്രതികൂലമായി ബാധിക്കും. പകുതി വിദ്യാര്‍ഥികളാണ് നിലവില്‍ സ്‌കൂളുകളിലെത്തുന്നത്. അതേസമയം, മറ്റുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കേണ്ടതുണ്ട്. സ്‌കൂളിലെത്തുന്നവരും വീട്ടില്‍ തിരിച്ചെത്തി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. നിരക്കുവര്‍ധന എല്ലാ അര്‍ഥത്തിലും സാധാരണക്കാര്‍ക്ക് അമിതഭാരമാണ്.

എ.ദാമോദരന്‍ മുന്നാട്, അധ്യാപകന്‍, കുറ്റിക്കോല്‍ എ.യു.പി. സ്‌കൂള്‍


സാധാരണക്കാരെബുദ്ധിമുട്ടിക്കും

മൊബൈല്‍ റീച്ചാര്‍ജുകളുടെ വിലവര്‍ധിക്കുന്നത് അംഗീകരിക്കാവുന്നതല്ല. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികള്‍ സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതാണ്.

കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഈ സമയത്ത് വിലവര്‍ധന ഒഴിവാക്കണം.

നിഷാ വിശ്വംഭരന്‍, അധ്യാപിക, കാഞ്ഞങ്ങാട്.

Content Highlights: New mobile recharge tariff,  Airtel Latest plans, Vi Latest Plans, Prepaid Plan tariff, Reliance jio