എന്തുകൊണ്ട് ആന്‍ഡ്രോയിഡും ഐഒഎസും മാത്രം വിജയിച്ചു? പിന്നിലായിപ്പോയ മറ്റ് സ്മാർട്ഫോൺ ഒഎസുകള്‍


ടെക്നോളജി ഡെസ്ക്

സെയ്ൽ ഫിഷ് ഓഎസ് | Photo: Jolla

ലോകത്തെ രണ്ട് വന്‍കിട കമ്പനികളുടെ ഉടമസ്ഥതയിലുള്ള രണ്ട് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ആന്‍ഡ്രോയിഡും ഐഒഎസും. നേരത്തെ പ്രചാരമുണ്ടായിരുന്ന നോക്കിയ സിംബിയനും ബ്ലാക്ക് ബെറിയും വിന്‍ഡോസുമെല്ലാം പ്രതാപകാലം കഴിഞ്ഞ് വിടവാങ്ങിയിരിക്കുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്ക് അനുയോജ്യമായ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡും ഐഒഎസും മാത്രമാണോ ? എന്തുകൊണ്ടാണ് മറ്റൊരു ഒഎസിന് വിപണിയില്‍ ഇടം ലഭിക്കാതെ പോവുന്നത് ?

ആന്‍ഡ്രോയിഡിനും ഐഒഎസിനും സമാനമായ അഞ്ച് സ്മാര്‍ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സെയ്ല്‍ഫിഷ്

ആന്‍ഡ്രോയിഡിനെ പോലെ തന്നെ ലിനക്‌സ് അധിഷ്ടിതമായി നിര്‍മിക്കപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റമാണ് സെയ്ല്‍ഫിഷ്. ഹെല്‍സിങ്കിയില്‍ പ്രവര്‍ത്തിക്കുന്ന ജോല്ല (Jolla) എന്ന കമ്പനി തങ്ങളുടെ സ്മാര്‍ട്‌ഫോണുകളിലും ടാബ് ലെറ്റുകളിലും ഉപയോഗിച്ചിരുന്ന ഒഎസ് ആണിത്.

നോക്കിയയുമായി ബന്ധപ്പെട്ടാണ് ജോല്ല രൂപീകരിക്കപ്പെടുന്നത്. മേമോ (Maemo) എന്ന പേരില്‍ നോക്കിയ ലിനക്‌സ് അടിസ്ഥാനമാക്കി ഒരു പുതിയ ഒഎസ് നിര്‍മിച്ചിരുന്നു. ഇതി പിന്നീട് ഇന്റലിന്റെ മൊബ്ലിന്‍ ഒഎസുമായി ലയിച്ചു. ഈ രണ്ട് കമ്പനികള്‍ ലിനക്‌സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് മീഗോ (MeeGo) ഒഎസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഈ പദ്ധതിയും പിന്നീട് ഉപേക്ഷിക്കപ്പെട്ടു. മീഗോയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് പിന്നീട് ജോല്ല സ്ഥാപിച്ചത്. നോക്കിയയുടെ സാമ്പത്തിക സഹായത്തോടെ ആയിരുന്നു ഇത്.

ബട്ടനുകളില്ലാതെ ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒഎസ് ആയിരുന്നു ഇത്. ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമായതിനാല്‍ വിവിധ ഉപകരണങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു.

ഫയർഫോക്സ് ഓഎസ് ഇന്റർഫെയ്സ് | Photo: Mozilla

ഫയര്‍ഫോക്‌സ് ഒഎസ്

ഫയര്‍ഫോക്‌സ് വെബ് ബ്രൗസറിന്റെ നിര്‍മാതാക്കളായ മോസില്ല തന്നെയാണ് ഫയര്‍ ഒഎസിന് പിന്നിലും. ലിനക്‌സ് കെര്‍നല്‍ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ ഒഎസ് സെഡ്ടിഇ (ZTE) യുടേയും എല്‍ജിയുടേയും ചില സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിച്ചിരുന്നു. ഇതിലെ എല്ലാ ആപ്ലിക്കേഷനുകളും വെബ് ആപ്പുകളായാണ് നല്‍കിയിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഏത് ഫോണിലും എളുപ്പം പ്രവര്‍ത്തിക്കും വിധമായിരുന്നു ഇത്.

ബ്ലാക്ക്ബെറി 10 ഓഎസ് ഫോണുകൾ | Photo: Blackberry

ബ്ലാക്ക് ബെറി 10

ജനപ്രിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാവായിരുന്ന ബ്ലാക്ക്‌ബെറി തങ്ങളുടെ യുനിക്‌സ് അധിഷ്ഠിതമാക്കി 2013 ല്‍ തങ്ങളുടെ ഫോണുകള്‍ക്ക് വേണ്ടി നിര്‍മിച്ച ഒഎസ് ആണ് ബ്ലാക്ക്‌ബെറി 10. ആന്‍ഡ്രോയിഡും, ഐഒഎസും പിടിച്ചടക്കിയ വിപണിയിലേക്കാണ് ബ്ലാക്ക്‌ബെറി 10 എത്തിയത്.

ടച്ച് സ്‌ക്രീന്‍ സൗകര്യമുള്ള ഫോണുകള്‍ക്ക് വേണ്ടിയാണ് ഇത് ഒരുക്കിയത്. ഫിസിക്കല്‍ കീബോര്‍ഡ് ഉള്ള ഫോണുകളിലും ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു.

ജോലി സംബന്ധമായ ഡാറ്റയും വ്യക്തിഗത ഡാറ്റയും വേര്‍തിരിക്കുന്ന ബ്ലാക്കബെറി ബാലന്‍സ്, ഇമെയില്‍ സോഷ്യല്‍ മീഡിയ സേവനങ്ങളുടെ നോട്ടിഫിക്കേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി ഹബ്ബ് തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്.

ഉബുണ്ടു ടച്ചിൽ പ്രവർത്തിക്കുന്ന സ്മാര്‍ട്ഫോൺ | Photo: Ubports

ഉബുണ്ടു ടച്ച്

ഡെബിയന്‍ അധിഷ്ടിത ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്മാര്‍ട്‌ഫോണ്‍ പതിപ്പാണ് ഉബുണ്ടു മൊബൈല്‍ എന്ന ഉബുണ്ടു ടച്ച്.

ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള ചില ആന്‍ഡ്രോയിഡ് ഫോണുകളിലെ ആന്‍ഡ്രോയിഡിന് പകരം ഉബുണ്ടു ടച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

വാട്‌സാപ്പും ടെലഗ്രാമും ജിമെയിലും ഫെയ്‌സ്ബുക്കുമെല്ലാം ഇതില്‍ വെബ് ആപ്പുകളായി ഉപയോഗിക്കാന്‍ സാധിക്കും. വോല്ല മോഡല്‍ എക്‌സ് എന്ന സ്മാര്‍ട്‌ഫോണില്‍ ഉബുണ്ടു ഒഎസ് ആണുള്ളത്.

ടൈസൻ ഓഎസിൽ ഇറങ്ങിയ സാംസങ് Z1 | Photo: Samsung

ടൈസെന്‍

സാംസങ്, ഇന്റല്‍, വാവേ, ഫുജിസു, ഓറഞ്ച്, പാനസോണിക്, വോഡഫോണ്‍ തുടങ്ങിയ കമ്പനികളെല്ലാം ചേര്‍ന്ന് ലിനക്‌സ് അടിസ്ഥാനമാക്കി നിര്‍മിച്ച് ഓപ്പണ്‍സോഴ്‌സ് ഒഎസ് ആണ് ടൈസന്‍.

സ്മാര്‍ട്‌ഫോണുകള്‍, ടാബ് ലെറ്റുകള്‍, സ്മാര്‍ട് ടിവികള്‍ എന്നിവയിലെല്ലാം ഒരുപോലെ അനുയോജ്യമായിരുന്നു ഈ ഒഎസ്. പ്രധാനമായും സാംസങ് തന്നെയാണ് ഇത് ഉപയോഗിച്ചത്. സാംസങ് സെഡ്1, സെഡ്2 തുടങ്ങിയ സ്മാര്‍ട്‌ഫോണുകളില്‍ ഈ ഒഎസ് ആയിരുന്നു ഉണ്ടായിരുന്നത്.

എന്തുകൊണ്ട് ഇവയ്‌ക്കൊന്നും ഇടം കിട്ടിയില്ല?

ആന്‍ഡ്രോയിഡിനും ഐഒഎസിനും കിട്ടിയ സ്വീകാര്യത ഈ ഒഎസുകള്‍ക്ക് ലഭിക്കാതെ പോയത് എന്തുകൊണ്ടാണ്? തീര്‍ച്ചയായും ജന ശ്രദ്ധ പിടിച്ചു പറ്റും വിധം അതിവേഗം അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിച്ചതും ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്പനികളില്‍ നിന്നുള്ള വലിയ പിന്തുണ ലഭിച്ചതും ഐഒഎസ്, ആന്‍ഡ്രോയിഡ് ഒഎസുകള്‍ക്ക് ഗുണം ചെയ്തു എന്ന് പറയാം.

ആളുകള്‍ ആകര്‍ഷിക്കപ്പെട്ടില്ല എന്നുള്ളത് തന്നെയാണ് ഈ ഒഎസുകളില്‍ പലതും വിപണിയില്‍ പരാജയപ്പെടാനുണ്ടായ കാരണം. വിന്‍ഡോസ്, ബ്ലാക്ക്‌ബെറി തുടങ്ങിയ ഒഎസുകള്‍ അതിന് ഉത്തമ ഉദാഹരണങ്ങളാണ്.

ആന്‍ഡ്രോയിഡില്‍ നിന്നും ഐഒഎസില്‍ നിന്നും പുറത്തുപോവണമെങ്കില്‍ ഉപഭോക്താവിനെ തൃപ്തനാക്കുന്ന ഒരു കാരണം ആവശ്യമുണ്ട്. നിർഭാഗ്യവശാൽ ആ കാരണങ്ങൾ സൃഷ്ടിക്കാൻ മറ്റു പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിച്ചില്ല.

ആപ്പിള്‍ സ്വന്തം ഒഎസ് സ്വന്തം ഫോണുകളില്‍ മാത്രം ഉപയോഗിക്കുകയും വര്‍ഷം തോറും പരിഷ്‌കരിക്കുകയും ചെയ്തു. വിനോദം, വിജ്ഞാനം, ജോലി, ആശയവിനിമയം തുടങ്ങി സമസ്ത മേഖലകളിലും ഉപകാരപ്പെടുന്ന സൗകര്യങ്ങള്‍ അവതരിപ്പിച്ചു.

ഗൂഗിളാകട്ടെ ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച് ഫോണുകള്‍ നിര്‍മിക്കാന്‍ വിവിധ കമ്പനികള്‍ക്ക് അവസരം നല്‍കി. വിവിധ ഉപകരണ നിര്‍മാതാക്കള്‍ ഈ രംഗത്തേക്ക് കടന്നുവന്നതോടെ ആന്‍ഡ്രോയിഡ് നിരന്തരം പരിഷ്‌കരിക്കപ്പെടുകയും പ്രചാരം നേടുകയും ചെയ്തു.

അതിവേഗം സ്വീകാര്യത ലഭിക്കാനാവും വിധമുള്ള വാണിജ്യ മാതൃക അവലംബിക്കാൻ ഗൂഗിളിനും അവരുട സാമ്പത്തിക പിന്തുണയിൽ പ്രവർത്തിക്കുന്ന ഓപ്പൺ ഹാന്റ്സെറ്റ് അലയൻസിനും സാധിച്ചു.

ഇതോടൊപ്പം വിവിധ ആപ്പ് നിര്‍മാതാക്കളും ആന്‍ഡ്രോയിഡും ഐഒഎസും കേന്ദ്രീകരിക്കാന്‍ തുടങ്ങിയതും മറ്റ് ഭാഗ്യം പരീക്ഷിച്ചെത്തിയ മറ്റ് ഒഎസുകള്‍ക്ക് തിരിച്ചടിയായി. ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാന്‍ സാധിക്കാതെ വന്ന് പരാജയപ്പെട്ട ഒഎസുകളിലൊന്നാണ് വിന്‍ഡോസ് ഫോണ്‍ ഒഎസ്.

ഒരു കാലത്ത് ആന്‍ഡ്രോയിഡിന് മുന്നില്‍ ഐഒഎസിന് അടിപതറിയതും വിവിധങ്ങളായ ആപ്പുകളുടെ ലഭ്യതയും ലളിതമായ ഇന്റര്‍ഫെയ്‌സ് ഉള്ളതുകൊണ്ടുമാണ്. ഇന്ന് പക്ഷെ ആന്‍ഡ്രോയിഡില്‍ ലഭ്യമായ ഒട്ടുമിക്ക ആപ്പുകളും ഐഒഎസിലും ലഭ്യമാണ്. കൂടുതല്‍ ലാഭം കിട്ടുന്നതിനാല്‍ ഡെവലപ്പര്‍മാരും ഇവര്‍ക്ക് പിന്നാലെയാണ്.

Content Highlights: mobile phone operating systems other than Android and iOS

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented