ഇന്‍ഡോര്‍: മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ റുണ്‍ഡ വഡ്‌ലിപര സ്വദേശിയായ ലഖന്‍ സിങര്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഫോണ്‍ ചാര്‍ജിലിട്ട് ഉപയോഗിക്കുന്നതിനിടയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ കുട്ടി തനിച്ചായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയതായിരുന്നു. പലതരം മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന യൂണിവേഴ്‌സല്‍ ചാര്‍ജര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നത്. ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. 

പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അമ്മാവനും അയല്‍വാസിയുമായ മുകേഷ് സിങര്‍ വന്നു നോക്കിയപ്പോഴാണ് ഗുരുതരമായി പൊള്ളലേറ്റുകിടക്കുന്ന ലഖനെ കണ്ടത്. കുട്ടി രക്തം വാര്‍ന്നുകിടക്കുകയായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. തുടര്‍ന്ന് സംഭവം ലഖന്റെ അച്ഛനെ അറിയിക്കുകയും ബദ്‌നാവറിലെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് മരണം. 

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ വിട്ടുനല്‍കി. 

ചാര്‍ജറിലിട്ട് ഫോണ്‍ ഉപയോഗിക്കരുത്

ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ അപകടമുണ്ടായി നിരവധി പേര്‍ മരിച്ചിട്ടുണ്ട്. പലര്‍ക്കും പരിക്കേറ്റു. സ്‌ഫോടനത്തെ തുടര്‍ന്നും, വൈദ്യുതാഘാതമേറ്റുമാണ് മരണം. വിപണിയില്‍ ലഭിക്കുന്ന വിലകുറഞ്ഞ മൊബൈല്‍ ചാര്‍ജറുകളും യൂണിവേഴ്‌സല്‍ ചാര്‍ജറുകളും അപകടം വരുത്തിവെക്കുന്നവയാണ്. 

ഫോണുകളുടെ പ്രശ്‌നമാണെങ്കിലും അംഗീകാരമില്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിച്ചാല്‍ അപകടങ്ങളുടെ ഉത്തരവാദിത്വം മൊബൈല്‍ഫോണ്‍ കമ്പനികള്‍ ഏറ്റെടുക്കില്ല.

Content Highlights: mobile phone battery explosion killed 12 year old boy