ഷാവോമി ഫോണുകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ യൂസര്‍ ഇന്റര്‍ഫേയ്‌സ് പതിപ്പ് എംഐയുഐ 13 (MIUI 13) ഇന്ന് പുറത്തിറങ്ങും. ഷാവോമി 12 പരമ്പര ഫോണുകളിലാണ് പുതിയ യുഐ അവതരിപ്പിക്കുക. ഇതുവഴി ഫോണുകളുടെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുമെന്നാണ് കമ്പനി പറയുന്നത്. 

എംഐയുഐ 13 നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്താണ് ഷാവോമി 12, ഷാവോമി 12 പ്രോ ഫോണുകള്‍ വില്‍പനയ്‌ക്കെത്തുക. അതേസമയം എംഐ മിക്‌സ് 4, എംഐ 11 അള്‍ട്ര, എംഐ 11 പ്രോ, റെഡ്മി കെ40 ഉള്‍പ്പടെയുള്ള ഫോണുകളില്‍ എംഐയുഐ അപ്‌ഡേറ്റ് ലഭിക്കും. 

ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്കാണ് എംഐയുഐ 13 ഷാവോമി പുറത്തിറക്കുക. ചൈനീസ് സോഷ്യല്‍മീഡിയാ വെബ്‌സൈറ്റായ വെയ്‌ബോയിലൂടെയാണ് യുഐ പുറത്തിറക്കുന്ന വിവരം കമ്പനി പ്രഖ്യാപിച്ചത്. 

സിസ്റ്റം ആപ്പുകളുടെ പ്രവര്‍ത്തനം മുന്‍ പതിപ്പായ എംഐയുഐ 12.5 (MIUI 12.5) നേക്കാള്‍  20 മുതല്‍ 26 ശതമാനം വരെ സുഗമമാവുമെന്നും തേഡ് പാര്‍ട്ടി ആപ്പുകളുടെ പ്രവര്‍ത്തനം 15-52 ശതമാനം വരെ സുഗമമാവുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്വകാര്യത, സുരക്ഷ എന്നീ മേഖലകളിലും പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. സൈബര്‍ ടെലികോം തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന പ്രത്യേക ഫീച്ചര്‍ ഇതിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഫോക്കസ് കംപ്യൂട്ടിങ് 2.0, ലിക്വിഡ് സ്റ്റോറേജ്, അറ്റോമിക് മെമ്മറി, എന്നീ സൗകര്യങ്ങള്‍ എംഐയുഐ 13 ന്റെ സവിശേഷതകളാണ്. 3000 ആപ്പുകളില്‍ ഫുള്‍ സ്‌ക്രീന്‍ അനുഭവവും പുതിയ വേര്‍ഷന്‍ നല്‍കും. 

തീമുകള്‍, വാള്‍പേപ്പറുകള്‍, ഐക്കണുകള്‍ തുടങ്ങി ഇന്റര്‍ഫേയ്‌സ് തലത്തിലുള്ള പുതുമകളും എംഐയുഐ 13 ല്‍ അവതരിപ്പിക്കപ്പെടും. നിലവിലുള്ള ചില പ്രശ്‌നങ്ങളും പുതിയ പതിപ്പില്‍ പരിഹരിച്ചിട്ടുണ്ട്. 

ടാബ് ലെറ്റുകള്‍ക്ക് വേണ്ടി എംഐയുഐ 13 പാഡ് രൂപത്തിലും പുതിയ യുഐ എത്തും. 

എംഐ മിക്‌സ് 4, എംഐ 11 അള്‍ട്ര, എംഐ 11 പ്രോ, എംഐ 11, ഷാവോമി 11 ലൈറ്റ് 5ജി, എംഐ 10എസ്, റെഡ്മി കെ40 പ്രോ പ്ലസ്, റെഡ്മി കെ40 പ്രോ, റെഡ്മി കെ40 ഗെയിമിങ് എഡിഷന്‍, റെഡ്മി കെ40, റെഡ്മി നോട്ട് 10 പ്രോ 5ജി ഉള്‍പ്പടെയുള്ള ഫോണുകളില്‍ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ് എത്തും. ഇക്കൂട്ടത്തില്‍ ചിലത് ഇന്ത്യയില്‍ അവതരിപ്പിച്ചവയാണ്. മറ്റു ഫോണുകളിലേക്കും താമസിയാതെ എംഐയുഐ 13 എത്തും.