ന്യൂഡല്‍ഹി: വാര്‍ത്താ പോര്‍ട്ടലുകളുടെയും ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെയും ഉള്ളടക്കനിയന്ത്രണം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വിവര സാങ്കേതിക (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ്) ചട്ടങ്ങള്‍ക്കായുള്ള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താവിതരണ മന്ത്രാലയം നടപടികളില്‍ വ്യക്തത വരുത്തിയത്.

ഈ വ്യവസ്ഥകളുടെ നടത്തിപ്പുചുമതല സംസ്ഥാന സര്‍ക്കാരിനോ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മിഷണര്‍ക്കോ അല്ലെന്നും മന്ത്രാലയമാണ് കൈകാര്യം ചെയ്യുകയെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിലെ ഡിജിറ്റല്‍ മീഡിയാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമരേന്ദ്ര സിങ് ചീഫ് സെക്രട്ടറിമാര്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.

വാര്‍ത്താ വെബ്സൈറ്റുകള്‍, ഒ.ടി.ടി. പ്ലാറ്റ് ഫോമുകള്‍ എന്നിവയുടെ ധാര്‍മിക ചട്ടങ്ങള്‍, ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെ ഉള്ളടക്കം കാഴ്ചക്കാരുടെ പ്രായം അനുസരിച്ച് അഞ്ചായി തിരിക്കാനുള്ള നടപടികള്‍, ത്രിതല പരാതിപരിഹാര സംവിധാനം, കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ട സമിതി തുടങ്ങിയ കാര്യങ്ങളുടെ നടത്തിപ്പുചുമതല വാര്‍ത്താ വിതരണ മന്ത്രാലയത്തിനായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിനോ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മിഷണര്‍ക്കോ നല്‍കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Content Highlights: Ministry of Information and Broadcasting will regulate news portals and OTT platforms