മൈന്‍ക്രാഫ്റ്റ് വീഡിയോകൾ  ഒരു ലക്ഷം കോടിയിലേറെ തവണ കണ്ടതായി യൂട്യൂബ്. ആഗോളതലത്തില്‍ പ്രചാരത്തിലുള്ള മൈന്‍ക്രാഫ്റ്റ് ഗെയിമിന്റെ ഈ നേട്ടം യൂട്യൂബ് ആഘോഷമാക്കുകയാണ്. 

2009 മുതലാണ് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൈന്‍ക്രാഫ്റ്റ് ഉള്ളടക്കങ്ങള്‍ യൂട്യൂബില്‍ വന്ന് തുടങ്ങിയത്. അന്ന് മുതല്‍ മൈന്‍ക്രാഫ്റ്റിന്റെ ജനപ്രീതി വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. മൊജാങ് സ്റ്റുഡിയോസ് ആണ് മൈന്‍ക്രാഫ്റ്റിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കിടയിലും പ്രായപൂര്‍ത്തിയായവര്‍ക്കിടയിലും മൈന്‍ക്രാഫ്റ്റിന് സ്വീകാര്യതയുണ്ട്.

Minecraft
യൂട്യൂബിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ക്രിയേറ്റര്‍മാര്‍ മൈന്‍ക്രാഫ്റ്റ് ഓര്‍മകള്‍ പങ്കുവെച്ച വീഡിയോകള്‍

പത്ത് വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഗെയിമുകളില്‍ ഒന്നായി മാറാന്‍ മൈന്‍ ക്രാഫ്റ്റിന് സാധിച്ചു. ആഗോളതലത്തില്‍ പ്രതിമാസം 14 കോടി സ്ഥിരം കളിക്കാരുണ്ട് ഈ ഗെയിമിന്. ഈ നേട്ടങ്ങള്‍ക്കെല്ലാം പുറമെയാണ് യൂട്യൂബില്‍ ഒരു ലക്ഷം കോടി വ്യൂസ് മൈന്‍ക്രാഫ്റ്റിനുണ്ടെന്ന് കണ്ടെത്തുന്നത്. 

ഈ ആഘോഷത്തിന്റെ ഭാഗമായി യൂട്യൂബിന്റെ ഹോം പേജ് തന്നെ മൈന്‍ക്രാഫ്റ്റ് തീമിലാണ് ഒരുക്കിയിരിക്കുന്നത്. #MinecraftMuseum എന്ന ഹാഷ്ടാഗില്‍ യൂട്യൂബിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ക്രിയേറ്റര്‍മാര്‍ തങ്ങളുടെ മൈന്‍ക്രാഫ്റ്റ് ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. 

ഇന്ന് മൈന്‍ക്രാഫ്റ്റ് കളിക്കുന്നവര്‍ക്ക് മുന്‍നിര മൈന്‍ക്രാഫ്റ്റ് ക്രിയേറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന യൂട്യൂബ് ക്രിയേറ്റര്‍ സ്‌കിന്‍ ലഭിക്കും. ഈ ഒരു ലക്ഷം കോടി വ്യൂസില്‍ നിങ്ങളുടെ പങ്ക് എത്രയാണെന്ന് അറിയാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 

2019-ലാണ് മൈന്‍ക്രാഫ്റ്റ് വീഡിയോകള്‍ 50,000 കോടി വ്യൂസ് മറികടന്നത്. 35,000-ല്‍ ഏറെ ക്രിയേറ്റര്‍മാര്‍ മൈന്‍ക്രാഫ്റ്റ് കമ്മ്യൂണിറ്റിയുടെ ഭാഗമാണെന്ന് യൂട്യൂബ് പറയുന്നു. മൈന്‍ക്രാഫ്റ്റ് നിത്യേന കളിക്കുന്ന മുന്‍നിര ക്രിയേറ്റര്‍മാരില്‍ രണ്ട് പേരാണ് പ്യൂഡൈപൈ (Pewdiepie), മിസ്റ്റര്‍ ബീസ്റ്റ് (Mr.Beast)എന്നിവര്‍. ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാരുള്ള വ്യക്തിഗത ക്രിയേറ്റര്‍മാരാണ് ഇരുവരും.

Content Highlights: Minecraft’ Content Surpasses One Trillion Global Views and YouTube is celebrating