വിവിധ ജനപ്രിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വൈഫൈ റൂട്ടറുകള്‍ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. 226 സുരക്ഷാ പ്രശ്‌നങ്ങളാണ് തിരിച്ചറിഞ്ഞത്. ഐഓടി ഇന്‍സ്‌പെക്ടറിലെയും ചിപ്പ് മാഗസിനിലേയും സുരക്ഷാ ഗവേഷകരുടെ സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 

നെറ്റ്ഗിയര്‍, അസൂസ്, സിനോളജി, ഡി-ലിങ്ക്, എവിഎം, ടിപി ലിങ്ക്, എഡിമാക്‌സ് ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളുടെ റൂട്ടറുകളിലാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഇവയില്‍ പലതും നിരവധി ആളുകള്‍ ഉപയോഗിക്കുന്നവയാണ്. ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ സാധിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. 

റൂട്ടറുകളുടെ നിര്‍മാണത്തില്‍ പുതിയ ഘടകങ്ങള്‍ ഉപയോഗിക്കാത്തതാണ് ഇതിനുള്ള കാരണമെന്ന് കരുതുന്നു. പ്രധാന ഘടകങ്ങളുടെ പഴയ പതിപ്പുകളാണ് ഇവയിലുള്ളത്. ലിനക്‌സ് കെര്‍നലും മറ്റ് പഴയ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സൈബര്‍ കുറ്റവാളികള്‍ക്ക് ഇവ ദുരുപയോഗം ചെയ്യുക എളുപ്പമാണ്. 

പല റൂട്ടറുകളിലും എളുപ്പമുള്ള ഡിഫോള്‍ട്ട് പാസ് വേഡുകളാണ് കമ്പനികള്‍ നല്‍കുന്നത്. ഇത് പ്രവചിക്കാന്‍ എളുപ്പമാണ്. പല ഉപഭോക്താക്കളും ഈ ഡിഫോള്‍ട്ട് പാസ്‌വേഡ് മാറ്റാതെ ഉപയോഗിക്കുന്നവരാണ്. ഇത് അവരുടെ നെറ്റ് വര്‍ക്കിനെ അപകടത്തിലാക്കുന്നു. Admin പോലുള്ള ദുര്‍ബലമായ പാസ് വേഡുകളും ആളുകള്‍ ഉപയോഗിക്കുന്നു. 

എന്തായാലും ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ ഉടന്‍ അസുസ്, ഡി-ലിങ്ക്, എഡിമാക്‌സ്, ലിങ്ക്‌സൈസ്, നെറ്റ് ഗിയര്‍, സൈനോളജി, ടിപി ലിങ്ക് പോലുള്ള കമ്പനികള്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ വൈഫൈ റൂട്ടറിന്റെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. 

Content Highlights: Millions of Wi-Fi routers are at risk found hundreds of security vulnerabilities