ശലക്ഷക്കണക്കിനാളുകള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതായി യുകെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായ എലിസബത്ത് ഡെന്‍ഹാം. പകരം ടെലഗ്രാം, സിഗ്നല്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപയോക്താക്കള്‍ മാറിയതായും പാര്‍ലമെന്റിന്റെ ഡിജിറ്റല്‍ കള്‍ച്ചര്‍, മീഡിയാ, സ്‌പോര്‍ട് സബ് കമ്മിറ്റിയോട് അവര്‍ പറഞ്ഞു. 

സേവന വ്യവസ്ഥകളിലെ മാറ്റമാണ് ഉപഭോക്താക്കളെ ഫെയ്‌സ്ബുക്കിന്റെ സേവനത്തില്‍ നിന്ന് അകറ്റിയത്. കമ്പനികള്‍ അവരിലെ വിശ്വാസം സംരക്ഷിക്കുമെന്നാണ് ഉപഭോക്താക്കള്‍ കരുതുന്നത്. അവരുമായുള്ള കരാര്‍ പെട്ടെന്ന് റദ്ദാക്കുമെന്നല്ല.

എത്ര പേര്‍ വാട്‌സാപ്പ് ഉപേക്ഷിച്ചുവെന്ന കമ്മറ്റിയുടെ ചോദ്യത്തിന് 'ദശലക്ഷക്കണക്കിനാളുകള്‍' എന്നായിരുന്നു എലിസബത്തിന്റെ മറുപടി. 

അതേസമയം പുതിയ മാറ്റങ്ങള്‍ യുകെയെ ബാധിക്കില്ലെന്നും അവര്‍ പറഞ്ഞു. 2017 ല്‍ ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഉപഭോക്താക്കളുടെ വിവരങ്ങളും കോണ്‍ടാക്റ്റ് വിശദാംശങ്ങളും യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ നിയമത്തിന് വിധേയമായല്ലാതെ കൈമാറുകയില്ലെന്ന് വാട്‌സാപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്ന് എലിസബത്ത് കമ്മറ്റിയ്ക്ക് മുമ്പില്‍ വ്യക്തമാക്കി. 

കൂടാതെ താന്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നില്ലെന്നും തന്റെ വ്യക്തിഗത ആശയവിവനിമിയങ്ങള്‍ക്കായി സിഗ്നല്‍ ആണ് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.