ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം(ഒ.എസ്.) എന്ന നിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്. ജൂണ്‍ 24-ന് നടക്കാനിരിക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് ഈ വാര്‍ത്തകള്‍. ഇനി ഒരു വിന്‍ഡോസ് പതിപ്പ് ഉണ്ടാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആറ് വര്‍ഷം മുമ്പ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഒ.എസ്. അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പുതിയൊരു വിന്‍ഡോസ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അത് വിന്‍ഡോസ് 11 ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. 

പുതിയ വിന്‍ഡോസ് പതിപ്പിനെ കുറിച്ചുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും സജീവമായിരിക്കെ മറ്റൊരു വാര്‍ത്തകൂടി ചര്‍ച്ചയാവുകയാണ്. ഈ പുതിയ വിന്‍ഡോസ് പതിപ്പ് വന്നുകഴിഞ്ഞാല്‍ 2025-ല്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡോസ് 10 പതിപ്പിനുള്ള സാങ്കേതിക പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.  

Microsoft Noticeകമ്പനിയുടെ ഇ.ഒ.എല്‍. (എന്റ് ഓഫ് ലൈഫ്) പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കി എക്‌സ്ട്രീം ടെക്ക് എന്ന വെബ്‌സൈറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 ഒക്ടോബര്‍ 14-ന് വിന്‍ഡോസ് 10 ഹോം, പ്രോ പതിപ്പുകളുടെ സേവനം അവസാനിപ്പിക്കുമെന്നാണ് ഇതില്‍ പറയുന്നത്. 

പുതിയ പതിപ്പുകള്‍ അവതരിപ്പിക്കുമ്പോള്‍ പഴയത് ഒഴിവാക്കുന്ന രീതി സോഫ്റ്റ്വെയര്‍ രംഗത്ത് വളരെ കാലമായി നിലവിലുള്ളതാണ്. വിന്‍ഡോസ് 11 എന്ന പേരിലോ മറ്റെന്തെങ്കിലും പേരിലോ പുതിയൊരു വിന്‍ഡോസ് ഒ.എസ്. ആണ് കമ്പനി പുറത്തിറക്കാന്‍ പോവുന്നത് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. 2015-ല്‍ തന്നെ വിന്‍ഡോസ് 10 എന്നത് ഒരു ദീര്‍ഘകാല പരിപാടിയല്ല എന്ന് കമ്പനി തീരുമാനിച്ചിരുന്നു എന്നും ഈ രേഖ വ്യക്തമാക്കുന്നു.

വിന്‍ഡോസ് 11-നെ കുറിച്ച് മൈക്രോസോഫ്റ്റ് പരസ്യമായി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും പുതിയ ഒ.എസ്. വരുന്നതായി പരോക്ഷമായി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 

Content Highlights: Microsoft Will Drop Support for Windows 10 by 2025