വെബ് ബ്രൗസറുകളെ ബാധിക്കുന്ന മാല്‍വെയര്‍ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റിന്റെ തന്നെ വെബ് ബ്രൗസറായ എഡ്ജ് തുടങ്ങിയ പ്രധാന വെബ് ബ്രൗസറുകളെയെല്ലാം ബാധിക്കുന്ന മാല്‍വെയര്‍ ആക്രമണം നടക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
അഡ്രോസെക് എന്ന് വിളിക്കപ്പെടുന്ന ഈ മാല്‍വെയറിന് ഉപയോക്താക്കളുടെ സെര്‍ച്ച് റിസല്‍ട്ടിലേക്ക് വ്യാജ പരസ്യങ്ങള്‍ തിരുകി കയറ്റാനും വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനും സാധിക്കും.
ഈ വര്‍ഷം മെയ് മുതല്‍ അഡ്രോസെക് പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 30,000-ലേറെ ഉപകരണങ്ങളില്‍ ഇത് കണ്ടെത്തി. മൈക്രോസോഫ്റ്റ് പുറത്തുവിട്ട ഭൂപടത്തില്‍ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ വ്യാപകമായി അഡ്രോസെക് ആക്രമണം നടന്നിട്ടുണ്ട്.
അഡ്രോസെക് മാല്‍വെയറിന് ക്രോം, മോസില്ല, എഡ്ജ് ബ്രൗസറുകളില്‍ മാറ്റം വരുത്താന്‍ കഴിവുണ്ട്. ഈ ബ്രൗസറുകളാണ് വിപണിയില്‍ 70 ശതമാനം പേരും ഉപയോഗിക്കുന്നത്.
159 അല്ലെങ്കില്‍ അതിലധകമോ ക്ഷുദ്ര ഡൊമൈനുകള്‍ വഴിയാണ് അഡ്രോസെക് മാല്‍വെയറുകള്‍ വിതരണം ചെയ്യപ്പെടുന്നതെന്നും ഒരോ ഡൊമൈനും ശരാശരി 17300 വ്യത്യസ്ത യു.ആര്‍.എലുകള്‍ ഹോസ്റ്റ് ചെയ്യുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നു.
ഈ ഡൊമൈനുകളിലെല്ലാം ലക്ഷക്കണക്കിന് പ്രത്യേക മാല്‍വെയര്‍ സാമ്പിളുകള്‍ ഉണ്ട്. സാധാരണ ഇത്തരം ഭീഷണികളെ തടയുന്ന സുരക്ഷാ സംവിധാനങ്ങളിലെ ഫില്‍റ്ററുകളെ മറികടക്കാന്‍ ഈ മാല്‍വെയര്‍ സാമ്പിളുകള്‍ക്ക് സാധിക്കും.
അഡ്രോസെക് ബ്രൗസറില്‍ പുതിയ എക്സ്റ്റന്‍ഷന്‍ ചേര്‍ക്കുകയും ബ്രൗസര്‍ സെറ്റിങ്‌സില്‍ നുഴഞ്ഞു കയറി വെബ് പേജുകളിലേക്ക് പരസ്യങ്ങള്‍ തിരുകി കയറ്റുകയും ചെയ്യുന്നു. ഇത് പലപ്പോഴും നിയമപരമായി ബ്രൗസറില്‍ കാണിക്കുന്ന പരസ്യങ്ങള്‍ക്ക് മേല്‍ ആയിരിക്കും കാണിക്കുക.
എങ്ങനെ അഡ്രോസെക് മാല്‍വെയറുകളെ തടയാം?
അഡ്രോസെക് പോലെ ബ്രൗസറുകളില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന മാല്‍വെയറുകളെ തടയാന്‍. പരിചിതമല്ലാത്ത ഉറവിടങ്ങളില്‍ നിന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക എന്ന നിര്‍ദേശമാണ് മൈക്രോസോഫ്റ്റ് നല്‍കുന്നത്. മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ ബ്രൗസറുകള്‍ അണ്‍ ഇന്‍സറ്റാള്‍ ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാനും കമ്പനി നിര്‍ദേശിക്കുന്നു.
സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍നിന്നും സോഫ്റ്റ്വെയറുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നത് ഇത്തരം ആഡ് വെയര്‍ ആക്രമണത്തിന് വഴിയൊരുക്കാറുണ്ട്. ഇത്തരം വെബ്‌സൈറ്റുകളെ ഉപയോക്താവിന് തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍, കംപ്യൂട്ടറില്‍ ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളെ അകറ്റി നിര്‍ത്തുന്ന ഫില്‍റ്ററുകള്‍ സജീവമാക്കുകയും ചെയ്യാം.
Content Highlights: microsoft warns about widespread Adrozek malware campaign affects chrome mozilla edge browsers