കോവിഡ് 19 വ്യാപന കാലത്ത് നേട്ടമുണ്ടാക്കി മൈക്രോസോഫ്റ്റിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ടീംസ്. മൈക്രോസോഫ്റ്റ് ടീംസിന് ഇപ്പോള്‍ 11.5 കോടി പ്രതിദിന സജീവ ഉപയോക്താക്കളുണ്ടെന്ന് കമ്പനി മേധാവി സത്യ നദെല്ല വെളിപ്പെടുത്തി. ആറ് മാസം മുമ്പ് 7.5 കോടി ഉണ്ടായിരുന്നിടത്ത് നിന്ന് 50 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

ടീംസിന്റെ വിപണിയിലെ എതിരാളികളാണ് ഗൂഗിള്‍ മീറ്റ്, സൂം എന്നിവ. ഗൂഗിള്‍ മീറ്റിന് 10 കോടി ഉപയോക്താക്കളുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. അതേസമയം സൂമിന് 30 കോടി പ്രതിദിന ഉപയോക്താക്കളുണ്ട്. 

മഹാവ്യാധിയുടെ കാലത്ത് മികച്ച വളര്‍ച്ചയാണ് ടീംസ് ഉണ്ടാക്കിയത്. പകര്‍ച്ചാവ്യാധിയുടെ കാലത്തിന് അനുയോജ്യമായ വിധത്തില്‍ ആളുകള്‍ക്ക് അടുത്തടുത്തിരിക്കുന്നതായി അനുഭവപ്പെടുത്തും വിധത്തിലുള്ള ടുഗെതര്‍ മോഡ്, ബ്രേക്ക് ഔട്ട് റൂംസ് ഫീച്ചര്‍ പോലുള്ള പുതിയ സൗകര്യങ്ങള്‍ ടീംസില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. 

അതേസമയം മൈക്രോസോഫ്റ്റിന്റെ തന്നെ പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇനില്‍ 72.2 കോടി ഉപയോക്താക്കളെ ലഭിച്ചതായി നദെല്ല വ്യക്തമാക്കി. 

Content Highlights: microsoft teams had 50 percent user growth