Tik tok | Photo: Reuters
വാഷിങ്ടണ്‍: ടിക് ടോക് വാങ്ങാമെന്ന തങ്ങളുടെ വാഗ്ദാനം നിരസിക്കപ്പെട്ടതായി യുഎസ് ടെക് ഭീമന് മൈക്രോസോഫ്റ്റ് അറിയിച്ചതിന് പിറകേ ടിക് ടോക് ഒറാക്കിള്‍ വാങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ലേലത്തില്‍ ഒറാക്കിള്‍ വിജയിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീമാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഒറാക്കിളിന് വൈറ്റ് ഹൗസില്‍ നിന്നും യുഎസിലെ വിദേശ നിക്ഷേപ സമിതിയുടെയും അനുമതി ആവശ്യമാണെന്ന് ഇടപാടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ടിക്ടോക്കിന്റെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുളള അമേരിക്കയിലെ ബിസിനസ് അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമയപരിധി നിശ്ചയിച്ചിരുന്നു. ചൈനീസ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ അതിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വില്ക്കുകയോ ചെയ്യാനായിരുന്നു ട്രംപിന്റെ ഉത്തരവ്.
ഓഗസ്റ്റ് മുതല്‍ തന്നെ ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കുന്നതിന് താല്പര്യമുളളതായി മൈക്രോസോഫ്റ്റ് സൂചിപ്പിച്ചിരുന്നെങ്കിലും ബൈറ്റ്ഡാന്‍സ് മൈക്രോസോഫ്റ്റിന്റെ വാഗാദ്നം നിരസിക്കുകയായിരുന്നു.
'ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കില്ലെന്ന് ബൈറ്റ്ഡാന്‍സ് ഞങ്ങളെ അറിയിച്ചു. ദേശീയ സുരക്ഷാ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനോടൊപ്പം ടിക് ടോക് ഉപയോക്താക്കള്‍ക്ക് ഞങ്ങളുടെ നിര്‍ദേശം ഉത്തമമാകുമായിരുന്നെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ' മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഓഗസ്റ്റ് ആദ്യവാരമാണ് സെപ്റ്റംബര്‍ 20-നകം പര്‍ച്ചേസ് എഗ്രിമെന്റില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടിക് ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
അതേസമയം യുഎസ് സര്‍ക്കാരിന്റെ നീക്കം ചോദ്യം ചെയ്തുകൊണ്ട് ടിക്ടോക്ക് ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ട്രംപിന്റെ ഉത്തരവ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇകണോമിക് പവേഴ്സ് ആക്ടിന്റെ ദുരുപയോഗമാണെന്ന് ആരോപിച്ചുകൊണ്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
Content Highlights:Microsoft says its offer to buy tik tok was rejected
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..