മൈക്രോസോഫ്റ്റിന്റെ ആനിമേറ്റഡ് പേപ്പര്‍ ക്ലിപ്പ് കഥാപാത്രമായ ക്ലിപ്പി വലിയൊരിടവേളയ്ക്ക് ശേഷം തിരികെ വരുന്നു. മൈക്രോസോഫ്റ്റ് ടീംസിന്റെ സ്റ്റിക്കര്‍ പായ്ക്കിലാണ് ക്ലിപ്പി എത്തുന്നത്. താമസിയാതെ തന്നെ ഇത് ഉപഭോക്താക്കള്‍ക്കെല്ലാം ലഭ്യമാവും. നിരവധി പേപ്പര്‍ ക്ലിപ്പ് ഡിസൈനുകള്‍ ഉണ്ടെങ്കിലും ഇവ ആനിമേറ്റഡ് അല്ല. 

മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ഫീഡ് ബാക്ക് പോര്‍ട്ടലിലാണ് മൈക്രോസോഫ്റ്റ് ജീവനക്കാരനായ അലെക്‌സ്.ഒ  ഈ വിവരം പുറത്തുവിട്ടത്. 

ഒരു ഔദ്യോഗിക ഫീഡ്ബാക്ക് പോര്‍ട്ടല്‍ ആശയവിനിമയത്തിന് ഇടയിലാണ് മൈക്രോസോഫ്റ്റ് ജീവനക്കാരന്‍ ഈ വിവരം പുറത്തുവിട്ടത്. 

'അതെ, വിരമിക്കലില്‍ നിന്ന് പുറത്തുവരാന്‍ ക്ലിപ്പി തയ്യാറായിരിക്കുന്നു. അവനെ നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ടീംസിലെ ഒരു സ്റ്റിക്കര്‍ പായ്ക്കായി ക്ലിപ്പി തിരികെ എത്തിയിരിക്കുന്നു.' അദ്ദേഹം പറഞ്ഞു. 

Clippy
Photo: twitter/Harri Mikkanen @_haba

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോഴത്തേതിന് സമാനമായ ഒരു റെട്രോ സ്റ്റിക്കര്‍ പായ്ക്ക് ടീംസിന് വേണ്ടി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഉടന്‍ തന്നെ പിന്‍വലിക്കപ്പെടുകയായിരുന്നുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജൂലായിലാണ് വിന്‍ഡോസിലെ സാധാരണ പേപ്പര്‍ക്ലിപ്പ് ഇമോജിയ്ക്ക് പകരം ക്ലിപ്പി എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് എംഎസ് ഓഫീസ് സോഫ്റ്റ് വെയറുകളില്‍ ഉണ്ടായിരുന്ന അനിമേറ്റഡ് ഡിജിറ്റല്‍ അസിസ്റ്റന്റ് ആയിരുന്നു ക്ലിപ്പി. ഉപഭോക്തക്കള്‍ക്ക് ജോലിക്കിടെ സഹായകരമായ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു ക്ലിപ്പിയുടെ ജോലി. എന്നാല്‍ പലപ്പോഴും ക്ലിപ്പിയുടെ സാന്നിധ്യം ഉപഭോക്താക്കളില്‍ അലോസരമുണ്ടാക്കിയിരുന്നുതാനും.