ഡോക്യുമെന്റുകളും സ്‌പ്രെഡ്ഷീറ്റുകളും തയ്യാറാക്കുന്നതിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സേവനമാണ് മൈക്രോസോഫ്റ്റ് ഓഫീസ്. വേഡ്, പവര്‍പോയിന്റ്, എക്‌സെല്‍ തുടങ്ങിയ സേവനങ്ങള്‍ അതില്‍പെടുന്നു. എന്നാല്‍ ഇന്ന് ഈ സേവനം ഉപയോഗിക്കുന്നതിന് ചെലവ് അല്‍പം കൂടുതലാണ്. പലരും എംഎസ് ഓഫീസിന്റെ പൈറേറ്റഡ് പതിപ്പ് ഉപയോഗിക്കുന്നുമുണ്ട്. അത് പക്ഷെ അത്ര സുരക്ഷിതമല്ല. യഥാര്‍ത്ഥത്തില്‍ ഡോക്യുമെന്റുകള്‍ തയ്യാറാക്കാന്‍ എംഎസ് ഓഫീസ് മാത്രമാണോ ഉള്ളത്. അല്ല. സമാനമായ മറ്റ് സേവനങ്ങള്‍ ലഭ്യമാണ്. അവയില്‍ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

Google WSഗൂഗിള്‍ വര്‍ക്ക് സ്‌പേസ്

എംഎസ് ഓഫീസിന് പകരം ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ സേവനമാണ് ഗൂഗിള്‍ വര്‍ക്ക് സ്‌പേസ്. ഇത് തീര്‍ത്തും സൗജന്യ സേവനമാണ്. ഗൂഗിള്‍ അക്കൗണ്ടുള്ളവര്‍ക്ക് 15 ജിബി ക്ലൗഡ് സ്റ്റോറേജ് സൗകര്യവും ലഭിക്കും. വേഡ്, എക്‌സെല്‍, പവര്‍പോയിന്റ് എന്നിവയ്ക്ക് പകരമായി ഗൂഗിള്‍ ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് എന്നീ സേവനങ്ങള്‍ ഇതില്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റിന്റെ വണ്‍ഡ്രൈവിന് പകരമായി ഗൂഗിള്‍ ഡ്രൈവും ലഭ്യമാണ്. 

Apple Iworkആപ്പിള്‍ ഐ വര്‍ക്ക്

മൈക്രോസോഫ്റ്റ് ഓഫീസിന് പകരം ഉപയോഗിക്കാവുന്ന നല്ലൊരു സൗജന്യ സേവനമാണിത്. എന്നാല്‍ ഇത് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇതിന്റെ വെബ് വേര്‍ഷന്‍ ലഭ്യമാണെങ്കിലും സൗകര്യങ്ങള്‍ കുറവാണ്. പേജസ്, നമ്പേഴ്‌സ്, കീനോട്ട് എന്നിവയാണ് വേഡ്, എക്‌സെല്‍, പവര്‍പോയിന്റ് എന്നിവയ്ക്ക് പകരമായുള്ളത്. ആപ്പിളിന്റെ വിവിധ അനുബന്ധ സൗകര്യങ്ങളും ഇതില്‍ പ്രയോജനപ്പെടുത്താനാവും.

wpsഡബ്ല്യൂപിഎസ് ഓഫീസ്

മൈക്രോസോഫ്റ്റ് ഓഫീസിനോട് ഏറെ സമാനതകളുള്ള സേവനമാണ് ഡബ്ല്യൂപിഎസ് ഓഫീസ് (WPS Office). വേഡ്, എക്‌സല്‍, പവര്‍പോയിന്റ് ഫയലുകള്‍ ഒറ്റ ടാബിന് കീഴില്‍ തുറക്കാന്‍ ഇതില്‍ സാധിക്കും. വിന്‍ഡോസ്, ലിനക്‌സ്, മാക്ക് എന്നിവയില്‍ ഒരു സോഫ്റ്റ് വെയര്‍ ആയും ആപ്പ് ആയും ഡബ്ല്യൂപിഎസ് ഓഫീസ് ലഭിക്കും. ആന്‍ഡ്രോയിഡിലും, ഐഓഎസിലും ഡബ്ല്യൂപിഎസ് ഓഫീസ് ആപ്പ് ലഭ്യമാണ്. ക്ലൗഡ് സേവനവും ഇത് നല്‍കുന്നുണ്ട്. ഒരു പരിധിവരെ സൗജന്യമായി ഇത് ഉപയോഗിക്കാന്‍ സാധിക്കും. 

Libre Officeലീബ്ര ഓഫീസ്

ഒരു ഓപ്പണ്‍സോഴ്‌സ് വേഡ് പ്രൊസസര്‍ സ്യൂട്ട് ആണ് ലീബ്ര ഓഫീസ്. പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാം. രൂപകല്‍പന നോക്കിയാല്‍ ഇത് അല്‍പ്പം പഴയതാണെന്ന് തോന്നാം. എന്നാല്‍ സൗകര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇത് മികച്ചതാണ്. പക്ഷെ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഇത് നല്‍കുന്നില്ല. പൂര്‍ണമായും ഓഫ്‌ലൈന്‍ ആയാണ് ഇത് ഉപയോഗിക്കേണ്ടത്. 110 ഭാഷകള്‍ ഇതില്‍ ലഭ്യമാണ്. വിന്‍ഡോസ്, മാക്, ലിനക്‌സ്, ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഇത് ലഭിക്കും. ഒഡിഎഫ് എന്ന പേരില്‍ ഇതിന് പ്രത്യേകം ഫയല്‍ ഫോര്‍മാറ്റുണ്ടെങ്കിലും എല്ലാ മൈക്രോസോഫ്റ്റ് ഫോര്‍മാറ്റുകളും ഇത് പിന്തുണയ്ക്കും. 

Dropbox Paperഡ്രോപ്പ് ബോക്‌സ് പേപ്പര്‍

മൈക്രോസോഫ്റ്റ് ഓഫീസിന് പകരമായി അത്ര പ്രചാരമില്ലാത്ത സേവനമാണിത്. ഡ്രോപ്പ് ബോക്‌സുമായി ബന്ധിപ്പിച്ചുള്ള ഡ്രോപ്പ്‌ബോക്‌സ് പേപ്പര്‍ എന്ന ക്ലൗഡ് അധിഷ്ടിത സേവനം. ഗൂഗിള്‍ ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് എന്നിവയ്ക്ക് സമാനമാണ്. മൈക്രോസോഫ്റ്റ് ഓഫീസിന് അനുയോജ്യമായ ഫോര്‍മാറ്റുകളിലേക്ക് ഫയലുകള്‍ മാറ്റാന്‍ ഇതില്‍ സാധിക്കും. 

Zohoസോഹോ ഡോക്‌സ് 

ഗൂഗിള്‍ വര്‍ക്ക് സ്‌പേസിന് സമാനമായ മറ്റൊരു സേവനമാണിത്. മൈക്രോസോഫ്റ്റ് ഓഫീസിന് നല്ലൊരു പകരം സംവിധാനം. ഈ ക്ലൗഡ് അധിഷ്ടിതമായ സേവനം റൈറ്റര്‍, ഷീറ്റ്, ഷോ എന്നിങ്ങനെ വേഡ്, എക്‌സല്‍, പവര്‍പോയിന്റ് സേവനങ്ങള്‍ക്ക് പകരമായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഓഫീസ് ഫയല്‍ ഫോര്‍മാറ്റുകളും പിഡിഎഫും ഇത് പിന്തുണയ്ക്കും. ഓണ്‍ലൈന്‍ ആയി ഡോക്യുമെന്റ് എഡിറ്റ് ചെയ്യാനും ഇമെയില്‍ വഴി ഷെയര്‍ ചെയ്യാനും സാധിക്കും. അഞ്ച് ജിബി ക്ലൗഡ് സ്‌റ്റോറേജും ഇത് നല്‍കുന്നുണ്ട്. 

Free Officeഫ്രീ ഓഫീസ്

ഫ്രീ ഓഫീസ് പേരുപോലെ സൗജന്യമായി ഉപയോഗിക്കാവുന്ന സേവനമാണ്. വിന്‍ഡോസ്, മാക്, ലിനക്‌സ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ ഇത് ഉപയോഗിക്കാം. എല്ലാവിധ ഓഫീസ് ഫോര്‍മാറ്റുകളും ഇത് പിന്തുണയ്ക്കും. മികച്ച രൂപകല്‍പനയാണിതിന്. ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങള്‍ക്ക് അുയോജ്യമായ പ്രത്യേക മോഡും ഇതിനുണ്ട്. 

Content Highlights: microsoft office free alternatives word powerpoint excel