നിയമവിരുദ്ധ, ദേശ വിരുദ്ധ ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ പൊതുജനങ്ങളെ പങ്കാളികളാക്കുന്ന പുതിയ പരിപാടി ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ ക്രൈം സെല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ചൈല്‍ഡ് പോണോഗ്രഫി, ലൈംഗിക പീഡനം, ഭീകരവാദം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദം തുടങ്ങിയ ഉള്ളടക്കങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന് സാധാരണ പൗരന്മാരെ പങ്കാളികളാക്കുന്ന പരിപാടിയാണിതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ജമ്മു-കശ്മീര്‍, ത്രിപുര എന്നിവിടങ്ങളിലാണ് ഈ സൈബര്‍ വളണ്ടിയര്‍ സംവിധാനം നടപ്പിലാക്കുക എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്നാല്‍ ഇത് ഭരണകൂട അനുകൂലികളായവര്‍ക്ക് എതിരാളികളുടെ ഏത് സോഷ്യല്‍ മീഡിയ പോസ്റ്റിനേയും ഭീകരവാദമെന്നും, ദേശവിരുദ്ധമെന്നും മുദ്രകുത്താനാവുന്ന സ്ഥിതി വിശേഷമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ഈ സംവിധാനത്തിന് ഒരു നിയമപരമായ ചട്ടക്കൂട് തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററായിരിക്കും ഈ പരിപാടിയുടെ നോഡല്‍ പോയിന്റ്. സൈബര്‍ വളണ്ടിയര്‍മാര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. വളണ്ടിയര്‍മാരാവുന്നവര്‍ അവരുടെ മുഴുവന്‍ തിരിച്ചറിയല്‍ വിവരങ്ങളും നല്‍കിയിരിക്കണം. എങ്കിലും ഇവയൊന്നും പരിശോധിച്ച് സ്ഥിരീകരിക്കില്ല. 

ദേശവിരുദ്ധ ഉള്ളടക്കത്തിനും പ്രവര്‍ത്തികള്‍ക്കും നിയമപരമായ നിര്‍വചനം സര്‍ക്കാര്‍ നല്‍കുന്നില്ല. പലപ്പോഴും യുഎപിഎ നിയമത്തില്‍ പറയുന്ന വ്യവസ്ഥകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സൈബര്‍ക്രൈം വളണ്ടിയറായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ പരിപാടിയെ സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതിനായി സഹകരിക്കുന്നതിനെ പറ്റി പൊതു പ്രസ്താവനകള്‍ പാടില്ലെന്നും രഹസ്യാത്മകത പാലിക്കണമെന്നും സൈറ്റ് വ്യക്തമാക്കുന്നുണ്ട്.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വളണ്ടിയര്‍മാര്‍ക്ക് നേരെ നടപടിയെടുക്കാന്‍ നോഡല്‍ ഓഫീസിന് സാധിക്കും.

Content Highlights:MHA looks for cyber volunteers to report anti-national activities