Photo: AFP
18 വയസില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്ന ചിത്രങ്ങളും ഉള്‍പ്പടെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത് തടയുന്നതിനായി പുതിയ ടേക്ക് ഡൗണ്‍ ടൂള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് മെറ്റ. നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്റ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (എന്‍സിഎംഇസി) ആണ് ഈ ടൂള്‍ വികസിപ്പിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്കും അവര്‍ 18 വയസിന് മുമ്പ് എടുത്ത നഗ്ന ചിത്രങ്ങളും അര്‍ധ നഗ്ന ചിത്രങ്ങളുമെല്ലാം ഈ സംവിധാനം ഉപയോഗിച്ച് നീക്കം ചെയ്യാം. ഈ വര്‍ഷം തന്നെ ഹിന്ദി ഭാഷയില്‍ ഈ ടൂള്‍ ലഭ്യമാക്കും. താമസിയാതെ തന്നെ മറ്റ് ഭാഷകളിലും സേവനം ലഭിക്കും.
ചിത്രങ്ങളുടേയും വീഡിയോകളുടേയും ഹാഷ് വാല്യൂ ഉപയോഗിച്ചാണ് അവ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് കണ്ടെത്തുക. അതുകൊണ്ടുതന്നെ ഈ വീഡിയോകള്‍ എവിടെയും അപ്ലോഡ് ചെയ്യേണ്ടി വരില്ല. ഹാഷ് വാല്യൂ ഉപയോഗിച്ച് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭാവിയില്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും സാധിക്കും.
ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കും, ഇന്‍സ്റ്റാഗ്രാമും, മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പുമെല്ലാം മെറ്റയുടെ ഉടമസ്ഥതയിലുള്ള സേവനങ്ങളാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ നഗ്നവും അല്ലാത്തതുമായ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ മെറ്റ ആഗോള തലത്തില്‍ നടത്തിവരുന്നുണ്ട്.
കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയൊരുക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കണമെന്ന് മെറ്റയ്ക്ക് ഭരണകൂടതലത്തില്‍ നിന്ന് നിര്‍ദേശവുമുണ്ട്. ടെക്ക് ഇറ്റ് ഡൗണിനെ കുടാതെ സ്റ്റോപ്പ് എന്‍സിഐഐ.ഒആര്‍ജി സേവനവും അനുവാദമില്ലാതെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയാനായി മെറ്റ പ്രയോജനപ്പെടുത്തുന്നുണ്ട്. രതി ഫൗണ്ടേഷനുമായി സഹകരിച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനവും മെറ്റ ഒരുക്കിയിട്ടുണ്ട്.
Content Highlights: Meta launches ‘Take It Down’ tool
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..