ഫെയ്‌സ്ബുക്കിന്റെ പേര് മെറ്റാ എന്നാക്കി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം കേട്ട് ഇസ്രായേലുകാര്‍ ഞെട്ടി. ഹീബ്രു ഭാഷയില്‍ മെറ്റാ എന്നാല്‍ മരിച്ചവര്‍ (Dead) എന്നാണ് അര്‍ത്ഥം. ഇതോടെ #FacebookDead എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ സജീവമായി. 

എന്തായാലും സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചിരി ഉണര്‍ത്തിയിരിക്കുകയാണ്. ചിരിക്കാനൊരു വക കണ്ടെത്തി തന്നതിന് ഹീബ്രു ഭാഷക്കാര്‍ക്ക് നന്ദി പറയുകയാണ് ചിലര്‍. 

എന്നാല്‍ ബ്രാന്‍ഡിങിന്റെ പേരീല്‍ ഈ രീതിയില്‍ പരിഹസിക്കപ്പെടുന്ന ആദ്യത്തെ സ്ഥാപനമൊന്നുമല്ല ഫെയ്‌സ്ബുക്ക്. 

80 കളില്‍ കെഎഫ്‌സി ചൈനയില്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അവരുടെ ആപ്ത വാക്യം 'ഫിംഗര്‍ ലിക്കിന്‍ ഗുഡ് (finger lickin' good') എന്നായിരുന്നു. എന്നാല്‍ ഇത് ചൈനീസിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വിരല്‍ തിന്നുക എന്നായിരുന്നു അര്‍ത്ഥം. അത് പക്ഷെ കമ്പനിയെ സാരമായി ബാധിക്കുകയൊന്നും ചെയ്തില്ല. 

ലൂമിയ എന്ന പേരില്‍ 2011 ല്‍ നോക്കിയ ഒരു ഫോണ്‍ പുറത്തിറക്കിയിരുന്നു. സ്പാനിഷ് ഭാഷയില്‍ ലൂമിയ എന്നാല്‍ വേശ്യ എന്നതിന്റെ പര്യായമായിരുന്നു. എന്നാല്‍ സര്‍വസാധാരണമായി പറയാത്ത ഒരുവാക്കായിരുന്നതിനാല്‍ അത് നോക്കിയയെ ബാധിച്ചില്ല. 

ഹോണ്ട ഒരിക്കല്‍ തങ്ങളുടെ പുതിയ കാറിന് ഫിറ്റ (fitta) എന്ന് പേര് നല്‍കി. സ്വീഡിഷ് ഭാഷയില്‍ സ്ത്രീ ലൈംഗികാവയവത്തെ മോശമായി പ്രതിനിധീകരിക്കുന്ന വാക്കായിരുന്നു അത്. മറ്റ് പല ഭാഷകളിലും അതിന്റെ വിവര്‍ത്തനം ശരിയായ രീതിയില്‍ ആയിരുന്നില്ല. 

Content Highlights: Meta: Facebook's new name ridiculed by Hebrew speakers