ക്കഴിഞ്ഞ നവംബറിലാണ് ഫെയ്സ്ബുക്കിനെ റീബ്രാൻഡ് ചെയ്തുകൊണ്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ പേരായ മെറ്റായെ ലോകത്തിന് പരിചയപ്പെടുത്തിയത്. മെറ്റാ വേഴ്‌സ് സാങ്കേതിക വിദ്യകളിലൂന്നിയ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ പേര് മാറ്റം. ഈ പദ്ധതിയ്ക്ക് വേണ്ടി ടെക്ക് ഭീമന്മാരായ ആപ്പിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികളില്‍ നിന്ന് വിദഗ്ദ്ധരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണത്രെ സക്കര്‍ബര്‍ഗും കൂട്ടരും. 

കമ്പനിയുടെ ഓഗ്മെന്റഡ് റിയാലിറ്റി ടീമിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ഈ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ളവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ മൈക്രോസോഫ്റ്റിന്റെ ഹോളോ ലെന്‍സ് എആര്‍ ഹെഡ്‌സെറ്റ് ടീമിലുണ്ടായിരുന്ന നൂറോളം പേരാണ് രാജിവെച്ച് മെറ്റായില്‍ ചേര്‍ന്നത്. 

തങ്ങളുടെ നിരവധി മുന്‍ ജീവനക്കാര്‍ മെറ്റായില്‍ ചേര്‍ന്നതായി ആപ്പിളും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജീവനക്കാരെ നിലനിര്‍ത്താനുള്ള പദ്ധതികള്‍ കമ്പനി നടപ്പിലാക്കിവരികയാണ്. ഇതിന്റെ ഭാഗമായി ആദായകരമായ ഓഹരി ഓപ്ഷനുകളും, 50,000 ഡോളറിനും 1.80 ലക്ഷത്തിനും ഇടയില്‍ വരുന്ന ബോണസുകളും ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്‌സ് എന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ത്ഥ്യം, വിര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകളെ സയോജിപ്പിച്ചുള്ള മെറ്റാവേഴ്‌സ് പദ്ധതികള്‍ സക്കര്‍ബര്‍ഗ് വിശദീകരിച്ചിരുന്നുവെങ്കിലും മെറ്റാവേഴ്‌സ് എന്നത് ഏത് രീതിയിലേക്ക് പരിണമിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. 

എങ്കിലും മെറ്റാവേഴ്‌സിന് വലിയൊരു ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് ലോകോത്തര കമ്പനികളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരെ മെറ്റ തങ്ങളിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. 

Content Highlights: meta facebook employing tech workers from Apple and software giant Microsoft