Photo: MBI
കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കപ്പെട്ട ആപ്പിളിന്റെ ഒരു അപ്‌ഡേറ്റില്‍ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളെ ഒരു പരിധിവിട്ട് നിരീക്ഷിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മെറ്റയുടെ കീഴിലുള്ള ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആപ്പിളിന്റെ ഈ നിയന്ത്രണങ്ങളെ മറികടന്ന് ഉപഭോക്താക്കള്‍ക്ക് മേല്‍ നിയമവിരുദ്ധമായ നിരീക്ഷണം നടത്തിയെന്നാണ് പുതിയതായി സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയില്‍ പറയുന്നത്. യു.എസ്. ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദി നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലാണ് പരാതി സമര്‍പ്പിക്കപ്പെട്ടത്. ആപ്പിളിന്റെ പുതിയ നിയന്ത്രണങ്ങള്‍ വകവെക്കാതെ ഫെയ്‌സ്ബുക്കിലെ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറക്കുന്ന ഇന്‍-ആപ്പ് ബ്രൗസറിലൂടെ ഉപഭോക്താക്കളെ നിരീക്ഷിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ബാധിക്കപ്പെട്ട ഫെയ്‌സ്ബുക്കിന്റെ മറ്റ് ഉപഭോക്താക്കള്‍ക്കും കക്ഷിചേരാന്‍ സാധിക്കുന്ന ക്ലാസ് ആക്ഷന്‍ ലോസ്യൂട്ടാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
അനുമതിയില്ലാതെ ഇലക്ട്രോണിക് ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നത് വിലക്കുന്ന 'വയര്‍ടാപ്പ് ആക്റ്റ്' ഉള്‍പ്പടെയുള്ള സംസ്ഥാനതലത്തിലും ഫെഡറല്‍ തലത്തിലുമുള്ള സ്വകാര്യത നിയമങ്ങളും ഫെയ്‌സ്ബുക്ക് ലംഘിച്ചുവെന്നും പരാതിക്കാരായ രണ്ടുപേര്‍ ആരോപിച്ചു. കഴിഞ്ഞമാസവും മെറ്റയ്‌ക്കെതിരെ സമാനമായൊരു പരാതി ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ മറ്റ് ബ്രൗസര്‍ ആപ്പുകളിലേക്ക് പോവുന്നതിന് പകരം ഫെയ്‌സ്ബുക്ക് ആപ്പിനുള്ളില്‍ തന്നെയുള്ള ബ്രൗസറിലേക്ക് അവരെ കൊണ്ടുപോവുകയും അവര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളില്‍ ജാവ സ്‌ക്രിപ്റ്റ് കടത്തിവിട്ട് അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ നിരീക്ഷിക്കുകയാണെന്ന് പരാതിക്കാര്‍ ആരോപിച്ചു. ടൈപ്പ് ചെയ്യുന്ന വാക്കുകളും പാസ് വേഡുകളുമടക്കം മറ്റ് വെബ്‌സൈറ്റുകളില്‍ ഉപഭോക്താക്കള്‍ ചെയ്യുന്നതെല്ലാം നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ഇങ്ങനെ നിരീക്ഷിക്കുന്ന വിവരം ഉപഭോക്താക്കള്‍ അറിയുന്നുമില്ല. അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അവതരിപ്പിച്ച ഐഓഎസ് 14.5 അപ്‌ഡേറ്റിലാണ് മെറ്റ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്ക് കനത്ത പ്രഹരം നല്‍കിക്കൊണ്ട് പരസ്യങ്ങള്‍ക്ക് വേണ്ടി ഉപഭോക്താക്കളെ നിരീക്ഷിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
അതേസമയം, ഈ ആരോപണങ്ങള്‍ മെറ്റയുടെ വക്താവ് നിഷേധിച്ചതായി ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്താക്കളുടെ സ്വകാര്യത താല്‍പര്യങ്ങള്‍ ബഹുമാനിക്കും വിധമാണ് തങ്ങളുടെ ഇന്‍ ആപ്പ് ബ്രൗസര്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Meta accused of breaking the law by secretly tracking iPhone users
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..