ര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ ബ്ലോഗ് പോസ്റ്റ് അസാധാരണമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം. താമസിയാതെ തന്നെ ബ്ലോഗിന് മറുപടി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തണമെന്ന ട്വിറ്ററിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഐടി സെക്രട്ടറി ട്വിറ്ററിന്റെ സീനിയര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. അതിന് മുമ്പ് തന്നെ ട്വിറ്റര്‍ പങ്കുവെച്ച ബ്ലോഗ് പോസ്റ്റ് അസാധാരണമാണെന്നും സര്‍ക്കാര്‍ പിന്നീട് പ്രതികരിക്കുമെന്നും ഇന്ത്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ് ഫോം ആയ കൂ വിലും ട്വിറ്ററിലും പങ്കുവെച്ച പോസ്റ്റില്‍ മന്ത്രാലയം പറഞ്ഞു. 

സര്‍ക്കാരിന്റെ ആവശ്യം അനുസരിച്ച് അക്കൗണ്ടുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന ബ്ലോഗ് പോസ്റ്റാണ് ട്വിറ്റര്‍ പങ്കുവെച്ചത്. മാധ്യമസ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ ബ്ലോക്ക് ചെയ്യില്ലെന്നും അത് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നും ട്വിറ്റര്‍ ബ്ലോഗില്‍ പറഞ്ഞു. 

ചില അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ മാത്രമാണ് വിലക്കുള്ളത്. അക്കൗണ്ടുകള്‍ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യം ഇന്ത്യന്‍ നിയമവുമായി പൊരുത്തപ്പെടുന്നതാണെന്ന് വിശ്വസിക്കുന്നില്ലെന്നും ട്വിറ്റര്‍ പറയുന്നു. 

Content Highlights: MeitY says Twitter’s blog post on blocking orders unusual