കോഴിക്കോട്: മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാനറുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റ് വികസിപ്പിച്ച് ചാത്തമംഗലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്). കേന്ദ്ര ഇലക്ട്രോണിക് ടെക്നോളജി മന്ത്രാലയത്തിന്റെ സ്പെഷ്യല്‍ മാന്‍പവര്‍ ഡെവലപ്മെന്റ് പ്രോഗ്രാം 'ചിപ് ടു ഡിസൈന്‍ സിസ്റ്റം' പദ്ധതിക്ക് കീഴിലാണ് ഐ.സി. പ്രോസസര്‍ (ചിപ്പ്) വികസിപ്പിച്ചത്.

വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്നതിനെക്കാള്‍ അന്പതുശതമാനത്തിലേറെ വിലക്കുറവില്‍ മെഡിക്കല്‍ അള്‍ട്രാസൗണ്ട് ഉപകരണങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാന്‍ ചിപ്പ് വികസിപ്പിച്ചതിലൂടെ വഴിയൊരുങ്ങിയതായി പ്രോജക്ടിന് നേതൃത്വം നല്‍കിയ നീലിറ്റ് സീനിയര്‍ സയന്റിസ്റ്റ് ഡോ. ജയരാജ് യു. കിടാവ് ചൂണ്ടിക്കാട്ടി. ചികിത്സാച്ചെലവിലും ഇതുവഴി കുറവുണ്ടാവും.

മെഡിക്കല്‍ അള്‍ട്രാസൗണ്ട് ഇമേജിങ് ഉപയോഗത്തിനായി 180 നാനോ മീറ്റര്‍ സാങ്കേതികവിദ്യയിലാണ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് (അറെ സിഗ്‌നല്‍ പ്രോസസര്‍) നീലിറ്റ് നിര്‍മിച്ചത്. അമ്പത് മെഗാ ഹര്‍ട്‌സ് വരെ തരംഗദൈര്‍ഘ്യത്തില്‍ പ്രവര്‍ത്തിക്കും. മെഡിക്കല്‍ അള്‍ട്രാസൗണ്ട് അപ്ലിക്കേഷനായി ഇലക്ട്രോണിക് സിസ്റ്റം ബോര്‍ഡില്‍ പ്രോസസര്‍ വിജയകരമായി പരീക്ഷിച്ചു. സങ്കീര്‍ണമായ അര്‍ധചാലക ഐ.സി. രൂപകല്പനയിലും വികസനത്തിലും ഇന്ത്യയുടെ മുന്നേറ്റമാണ് നീലിറ്റിന്റേത്. രാജ്യത്തെ വ്യവസായങ്ങള്‍ നിലവില്‍ അഭിമുഖീകരിക്കുന്ന ഐ.സി. ക്ഷാമം ലഘൂകരിക്കാന്‍ പ്രോസസര്‍ വികസനം സഹായകരമാവും. സാങ്കേതികവിദ്യാ കൈമാറ്റത്തിനായി കമ്പനികളില്‍നിന്ന് നീലിറ്റ് താത്പര്യപത്രം ക്ഷണിക്കും.


ചിപ് ടു സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ നീലിറ്റും

മികവിനുള്ള അംഗീകാരമായി ഇലക്ട്രോണിക് മന്ത്രാലയത്തിന്റെ സ്‌പെഷ്യല്‍ മാന്‍പവവര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഫോര്‍ ചിപ് ടു സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ കോഴിക്കോട് നീലിറ്റിനെയും ഉള്‍പ്പെടുത്തി. അഞ്ചുവര്‍ഷത്തേക്ക് 250 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. കൂടാതെ സ്‌കില്‍ഡ് മാന്‍പവര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ് (സ്മാര്‍ട്ട്) ഹാര്‍ഡ്വേര്‍ റിമോട്ട് ലാബും നീലിറ്റില്‍ സ്ഥാപിക്കും. ഇതിനായി ആറുകോടി നല്‍കും. ചിപ്പ് നിര്‍മാണത്തില്‍ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ പദ്ധതി വഴിയൊരുക്കുമെന്ന് നീലിറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എം.പി. പിള്ള പറഞ്ഞു.