മുംബൈ: ഡിജിറ്റൽ പ്രസിദ്ധീകരണ രംഗത്തെ മികവിന് നൽകുന്ന രണ്ടാമത് ഡിജി പബ് (Digipub) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ഇന്ത്യന്‍ ഭാഷാ വെബ്‌സൈറ്റ് ഉള്‍പ്പടെ നാല് പുരസ്‌കാരങ്ങൾ നേടി മാതൃഭൂമി ഡോട്ട് കോം മികവ് പ്രകടിപ്പിച്ചു.  ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗത്ത് കെട്ടിലും മട്ടിലും മികവു പ്രകടിപ്പിച്ച വെബ് പോര്‍ട്ടലുകള്‍ക്കായി അഡ്വെര്‍ട്ടൈസിങ്, മീഡിയാ, മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പോര്‍ട്ടലായ അഫാഖ്‌സ് (afaqs) നൽകുന്നതാണ് ഡിജി പബ് അവാർഡ്. ഗുഡ്ഗാവ് ക്രൗൺ പ്ലാസയിൽ നടന്ന അവാർഡ്നിശയിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

വെബ്‌സൈറ്റ് ഓഫ് ദി ഇയര്‍-ഗോള്‍ഡ് (പൊതു വാര്‍ത്തകള്‍, ഫീച്ചറുകള്‍ ), വെബ്‌സൈറ്റ് ഓഫ് ദി ഇയര്‍-ഗോള്‍ഡ് ( ലൈഫ് സ്റ്റൈല്‍/ ഇൻഫൊട്ടെയ്ന്‍മെന്റ്), ബെസ്റ്റ് ആര്‍ട്ടിക്കിള്‍/ വീഡിയോ ഫീച്ചര്‍- വെള്ളി (ആഴക്കടലിലെ പെണ്‍ജീവിതം; ഒരു പെണ്ണിന്റെ കടല്‍ജീവിതം ), ബെസ്റ്റ് യൂസ് ഓഫ് സോഷ്യല്‍ മീഡിയ-വെള്ളി ( മാതൃഭൂമി റി ഇമാജിന്‍ ഫ്യൂച്ചര്‍) എന്നീ അവാര്‍ഡുകളാണ് സ്വന്തമാക്കിയത്.

award

ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ ജീവിത ക്ലേശങ്ങള്‍ ആവിഷ്‌കരിച്ച 'ആഴക്കടലിലെ പെണ്‍ ജീവിതം' (Daring life of a fisherwoman - Rekha) എന്ന വീഡിയോ ഫീച്ചറാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിവില്‍ നിന്നും വ്യത്യസ്തങ്ങളായ കരിയര്‍ മേഖലകളിലേക്ക് കുട്ടികളുടെ സ്വപ്‌നങ്ങളെ വഴികാണിക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സംഘടിപ്പിച്ച റി-ഇമാജിന്‍ ഫ്യൂച്ചര്‍ എന്ന പ്രചരണ പരിപാടിയ്ക്കാണ് മികച്ച സോഷ്യല്‍ മീഡിയാ ഉപയോഗത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

digi pub mathrubhumi
മാതൃഭൂമി പ്രതിനിധികള്‍ ഈ വര്‍ഷത്തെ മികച്ച വെബ്‌സൈറ്റിനുള്ള ( ലൈഫ് സ്റ്റൈല്‍/ ഇന്‍ഫോട്ടെയ്ന്‍മെന്റ്) സുവര്‍ണ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗത്തെ കൂടുതല്‍ മേഖലകളെ പരിഗണിച്ച ഈ വര്‍ഷത്തെ അവാര്‍ഡ് നിശയില്‍ രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ ഭാഗമായി. ഏറ്റവും കൂടുതല്‍ പുരസ്‌കാരം നേടിയവരില്‍ അഞ്ച് സ്വര്‍ണവും നാല് വെള്ളിയും നേടി ദി ക്വിന്റ് ആണ് മുന്നിലുള്ളത്. ഇംഗ്ലീഷ് ഭാഷയിലുള്ള ഈ വര്‍ഷത്തെ ഏറ്റവും മികച്ച വെബ്‌സൈറ്റ് (പൊതു വാര്‍ത്തകള്‍/ഫീച്ചറുകള്‍) എന്ന പുരസ്‌കാരവും ക്വിന്റ് ആണ് സ്വന്തമാക്കിയത്. വാണിജ്യ വാര്‍ത്തകള്‍ക്ക് ബ്ലൂംബെര്‍ഗ് ക്വിന്റും മികച്ച വെബ്‌സൈറ്റ് (ഇംഗ്ലീഷ്) എന്ന പുരസ്‌കാരം നേടി.

ക്വിന്റിന് പുറമെ, വൈസ് ഇന്ത്യ, ടൈംസ് നൗ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ വെബ് പോര്‍ട്ടലുകളും അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ആകെ 17 സ്വര്‍ണം, 15 വെള്ളി, ആറ് വെബ്‌സൈറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളാണ് ഇത്തവണ നല്‍കിയത്.

മാതൃഭൂമിക്ക് വാന്‍ ഇഫ്ര സൗത്ത് ഏഷ്യ ഡിജിറ്റല്‍ മീഡിയ പുരസ്‌കാരം

ഹൈദരാബാദ്: ദിനപത്രങ്ങളുടെയും വാര്‍ത്താ മാധ്യമങ്ങളുടെയും അന്തര്‍ ദേശീയ സംഘടനയായ വാന്‍ ഇഫ്രയുടെ സൗത്ത് ഏഷ്യ ഡിജിറ്റല്‍ മീഡിയ പുരസ്‌കാരം മാതൃഭൂമിക്ക്. സോഷ്യല്‍ എന്‍ഗേജ്മെന്റ് വിഭാഗത്തിലാണ് മാതൃഭൂമിക്ക് വെങ്കല മെഡല്‍ ലഭിച്ചത്. 

Mathrubhumi Wan Ifra award
വാന്‍ ഇഫ്രയുടെ സൗത്ത് ഏഷ്യ ഡിജിറ്റല്‍ മീഡിയ പുരസ്‌കാരം ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി അസി. ജനറല്‍ മാനേജര്‍(ചെന്നൈ) സുനില്‍ രാമചന്ദ്രന്‍ ഏറ്റുവാങ്ങുന്നു

വാന്‍-ഇഫ്രയും ഗൂഗിളും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ലിംഗവിവേചനത്തിനെതിരെ വനിതാ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രത്യേക കാമ്പയിനാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി അസി. ജനറല്‍ മാനേജര്‍(ചെന്നൈ) സുനില്‍ രാമചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീയുടെയും പുരുഷന്റെയും തുല്യാവകാശങ്ങളെക്കുറിച്ചും സമൂഹത്തില്‍ ബോധവത്കരണം നടത്തുകയും പുനരാലോചനകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യാന്‍ ലക്ഷ്യംവെച്ചുള്ളതായിരുന്നു മാതൃഭൂമിയുടെ കാമ്പയിന്‍.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൂടുതല്‍ അടുക്കാനുള്ള മാതൃഭൂമിയുടെ ഉദ്യമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്നത് സന്തോഷകരമാണെന്ന് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ മാതൃഭൂമിക്ക് ഇത് ശക്തിപകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: mathrubhumi Mathrubhumi.com won Website of the Year digipub