കൊച്ചി: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സ് കമ്പനി മാരിആപ്സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് നിലകളിലായി 1,86,000 ച.അടി വിസ്തൃതിയുള്ള സ്വന്തം കെട്ടിടത്തില്‍ 1300 ജീവനക്കാരെ ഉള്‍കൊള്ളാനാകും.
കൊച്ചി സ്മാര്‍ട്സിറ്റിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ദുബായ്, ജര്‍മനി, സൈപ്രസ് എന്നിവിടങ്ങളില്‍ ഓഫീസുള്ള മാരിആപ്സ്.
200 ജീവനക്കാരുമായി സ്മാര്‍ട്സിറ്റിയിലെ ആദ്യ ഐടി ടവറില്‍ 18,000 ച.അടി ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയ മാരിആപ്സ് 2018-ലാണ് കോ-ഡെവലപ്മെന്റിന് സ്മാര്‍ട്സിറ്റിയുമായി കരാറിലേര്‍പ്പെടുന്നത്. സ്വന്തം കെട്ടിടം നിര്‍മിക്കാനായി കമ്പനിക്ക് 1.45 ഏക്കര്‍ ഭൂമി 2018-ല്‍ കൈമാറുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. മാരിആപ്സിന്റെ ജര്‍മന്‍ മാതൃ കമ്പനിയായ ഷുള്‍ട്ടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഫീസാണ് സ്മാര്‍ട്സിറ്റിയിലേത്.
ഐടി അനുബന്ധ സേവനങ്ങളുടെ സഹായത്തോടെ ഇന്ത്യ അടക്കം ലോകത്തുടനീളമുള്ള നാവികരുടെ വൈദഗ്ധ്യം ഉയര്‍ത്താനുള്ള മാരിടൈം ട്രെയിനിങ് സെന്ററും (എംടിസി), എംടിസിക്ക് ട്രെയിനിങ് പങ്കാളിയായി പ്രവര്‍ത്തിക്കുന്നതിനും പരിശീലനവും നിയമനകാര്യങ്ങളും ഏകോപിപ്പിക്കുന്നതിനും ക്രു സര്‍വീസ് സെന്ററും സ്ഥാപിക്കുന്നതിന് മാരിആപ്സിന് പദ്ധതിയുണ്ട്.
Content Highlights: mariapps smartcity kochi