ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതികളിലൊന്നാണ് മംഗൾയാൻ. 2013 ഡിസംബറിൽ വിക്ഷേപിച്ച് 2014 ൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ലോകത്തെ വിസ്മയിപ്പിച്ച നമ്മുടെ മംഗൾയാൻ അഥവാ മാർസ് ഓർബിറ്റൽ മിഷൻ വർഷങ്ങൾക്കിപ്പുറവും നമുക്ക്‌ വേണ്ടി വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പേടകം പകർത്തിയ ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും വലുതും അതിനോട് ഏറ്റവുമടുത്തും നിലകൊള്ളുന്ന ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആർഒ. പേടകത്തിലെ മാർസ് കളർ ക്യാമറയാണ് ചിത്രം പകർത്തിയത്.

ജൂലൈ ഒന്നിനാണ് ഈ ചിത്രം പകർത്തിയത്. മംഗൾയാൻ പേടകം ചൊവ്വയിൽ നിന്ന് 7,200 കിലോമീറ്ററും ഫോബോസിൽ നിന്ന് 4,200 കിലോമീറ്ററും അകലെയുള്ള സമയത്ത് എടുത്ത ചിത്രമാണ് പുറത്തുവിട്ടത്. മാർസ് കളർ ക്യാമറ എടുത്ത എട്ട് ഫ്രെയിമുകളിലുള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒറ്റ ചിത്രമാക്കിയാണ് ഇത് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.

സൗരയൂഥത്തിന്റെ ആരംഭകാലത്ത് രൂപപ്പെട്ടെന്ന് കരുതപ്പെടുന്ന കാർബൊണേഷ്യസ് കോൺട്രൈറ്റുകളാല്‍ സമ്പന്നമായ ഉപഗ്രഹമാണ് ഫോബോസെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിൽ പണ്ട് കാലത്ത് നടന്ന കൂട്ടിയിടിയിൽ രൂപപ്പെട്ട ഗർത്തങ്ങളും കാണാൻ സാധിക്കും. സ്റ്റിക്നിയെന്നാണ് ഫാബോസിലെ ഏറ്റവും വലിയ ഗർത്തത്തിന്റെ പേരെന്നും ഐ.എസ്.ആർ.ഒ പറയുന്നു.

ചൊവ്വയുടെ ഭ്രമണപഥത്തിൽ ആറുമാസത്തേക്കാണ് മംഗൾയാൻ വിക്ഷേപിച്ചത്. എന്നാൽ ധാരാളം ഇന്ധനം ബാക്കിയുള്ളതിനാൽ ഇന്നും പേടകം പ്രവർത്തന സജ്ജമാണ്. 2013 നവംബർ അഞ്ചിന് വിക്ഷേപിച്ച പേടകം 2014 സെപ്റ്റംബർ 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.

ലൈമാൻ ആൽഫാ ഫോട്ടോമീറ്റർ, മീഥേൻ സെൻസർ ഫോർ മാർസ്, മാർസ് എക്സോസ്ഫെറിക് ന്യൂട്രൽ കംപോസിഷൻ അനലൈസർ, മാർസ് കളർ ക്യാമറ, തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റർ എന്നിവയാണ് മംഗൾയാനിലെ ഉപകരണങ്ങൾ.

Content Highlights:Mangalyaan Captures Image Of Phobos, Biggest Moon Of Mars