ന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് മാല്‍വെയറുകളെ കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 13 ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകനായ ലുകാസ് സ്‌റ്റെഫാങ്കോയാണ് ആപ്ലിക്കേഷനുകളില്‍ മാല്‍വെയറുകളുണ്ടെന്ന വിവരം പുറത്തുവിട്ടത്. അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 

ട്രക്ക് കാര്‍ഗോ സിമുലേറ്റര്‍, എക്‌സ്ട്രീം കാര്‍ ഡ്രൈവിങ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിങ് ഉള്‍പ്പടെയുള്ളവയാണ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. ഇവയില്‍ രണ്ടെണ്ണം പ്ലേസ്റ്റോറിലെ ട്രെന്‍ഡിങ് പട്ടികയില്‍ ഉള്ളവയാണെന്നും ലൂകാസ് പറഞ്ഞു. ഈ 13 ആപ്ലിക്കേഷനുകളുടെയും സ്രഷ്ടാവ് ഒന്നാണെന്നുള്ളതും ശ്രദ്ധേയമാണ്. ലൂയിസ് ഓ പിന്റോ ആണ് ഈ ആപ്പുകളുടെ ഡെവലപ്പര്‍.

ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തുറന്നാല്‍ 'ഗെയിം സെന്റര്‍' എന്ന മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും സ്വയം അപ്രത്യക്ഷമാവുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഈ ആപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയും ലൂക്കാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞമാസം ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ ഐക്കണ്‍ ഉപയോഗിക്കുന്ന ജിപ്ലെയ്ഡ് എന്ന ആന്‍ഡ്രോയിഡ് മാല്‍വെയര്‍ സിസ്‌കോ ടാലോസിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങളും അവരുടെ ലൊക്കേഷനും ചോര്‍ത്താന്‍ ഈ മാല്‍വെയറിനു കഴിയും. ഗൂഗിള്‍ പ്ലേ മാര്‍ക്കറ്റ് പ്ലേ മാര്‍ക്കറ്റ് പ്ലേസ് എന്ന പേരിലാണ് ഈ ആന്‍ഡ്രോയിഡ് ആപ്പ് പ്രചരിച്ചത്.

2017 ല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏഴ് ലക്ഷം ആപ്ലിക്കേഷനുകളും ഒരു ലക്ഷം ഡെവലപ്പര്‍മാരേയും നീക്കം ചെയ്ത വിവരം ജനുവരിയില്‍ ഒരു ബ്ലോഗ്‌പോസ്റ്റ് വഴി ഗൂഗിള്‍  പുറത്തുവിട്ടിരുന്നു. 2017 ല്‍ 25000 ആപ്ലിക്കേഷനുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്.

Content Highlights: malware threat Google removes 13 malware apps