ലയാളി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസില്‍ 735 കോടിയുടെ രൂപയുടെ നിക്ഷേപം നടത്തി ഗൂഗിളും സിംഗപ്പുർ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വെല്‍ത്ത് ഫണ്ടായ തെമാസെക്കും. ഇവരെ കൂടാതെ എസ്.ബി.ഐ ജപ്പാന്‍, നിലവിലുള്ള നിക്ഷേപകരായ ടൈഗര്‍ ഗ്ലോബലും 3one4 ക്യാപിറ്റല്‍ എന്നിവരും സീരീസ് സി റൗണ്ടിലുള്ള ഈ മൂലധന സമാഹരണത്തില്‍ പങ്കാളികളായി. 

പെരിന്തല്‍ മണ്ണ സ്വദേശിയായ അനീഷ് അച്യുതന്‍, ഭാര്യ തിരുവല്ല സ്വദേശി മേബല്‍ ചാക്കോ, അനീഷിന്റെ സഹോദരന്‍ അജീഷ് അച്യുതന്‍, ടാക്‌സി ഫോര്‍ ഷുവര്‍ സി.എഫ്.ഒ ആയിരുന്ന മല്ലപ്പള്ളി സ്വദേശി ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017 ല്‍ പെരിന്തല്‍മണ്ണയില്‍ തുടങ്ങിയ സംരംഭമാണിത്. ഇപ്പോള്‍ ബെംഗളുരുവിലാണ് പ്രവര്‍ത്തനം. ഏതാണ്ട് 750 കോടി രൂപയാണ് ഇപ്പോള്‍ കമ്പനി സമാഹരിച്ചത്. 

എംഎസ്എംഇകള്‍, ചെറുകിട-ലഘു വ്യവസായങ്ങള്‍, സ്റ്റാര്‍ട്ട്അപ്പുകള്‍ പോലുള്ളവ ഉപയോഗിക്കുന്ന എല്ലാ സാമ്പത്തിക ഉപകരണങ്ങളും കറന്റ് അക്കൗണ്ടുമായി സംയോജിപ്പിക്കാവുന്ന നിയോ ബാങ്കിങ് പ്ലാറ്റഫോം ആണ് ഓപ്പണ്‍. 20 ലക്ഷത്തിനടത്തു എസ്. എം. ഇ. കള്‍ ഉപയോഗികയും, 20 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക ഇടപാടുകള്‍ ഓപ്പണ്‍ പ്ലാറ്റ്‌ഫോമില്‍  നടത്തുകയും ചെയ്യുന്നു. 

'കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് നിയോ ബാങ്കിങ് പ്ലാറ്റഫോം ആയി തങ്ങള്‍ മാറിക്കഴിഞ്ഞുവെന്നും 20 ലക്ഷത്തിനടുത്തു ഇന്ത്യന്‍ ബിസിനസ്സുകള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഓപ്പണ്‍ സിഇഓ അനീഷ് അച്യുതന്‍ പറഞ്ഞു.

എംബഡഡ് ഫിനാന്‍സ്, എന്റര്‍പ്രൈസ് ബാങ്കിങ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി അടുത്ത അഗസ്റ്റിലോടു കൂടി 50 ലക്ഷം എസ്.എം.ഇകളിലേക്ക് സേവനങ്ങള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സ്വിച്ച്, എംബെഡഡ് ഫിനാന്‍സ് പ്ലാറ്റ്ഫോം, ഇന്ത്യയിലെ 15 ല്‍ പരം ബാങ്കുകള്‍ ഉപയോഗിക്കുന്ന ക്ളൗഡ് നേറ്റീവ് എസ്.എം.ഇ. ബാങ്കിങ് പ്ലാറ്റഫോം - ബാങ്കിങ് സ്റ്റാക്ക് എന്നീ ഓപ്പണിന്റെ പുതിയ സേവനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുകയും നേതൃനിരയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ടെക്‌നോളജി, പ്രോഡക്റ്റ്, ബിസിനസ് ഡെവലപ്‌മെന്റ് എന്നിവയിലായി 800 ല്‍ പരം നിയമനങ്ങള്‍ നടത്താനും ഫണ്ടിങ് ഉപയോഗിക്കുമെന്നും ഓപ്പണ്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.